കൊടുമൺ: മദ്യപനായ മകനിൽനിന്ന് സംരക്ഷണം ലഭിക്കാതെ ദുരിതപൂർണമായ ജീവിതം നയിച്ച ജാനകിയമ്മ (95)ക്ക് മഹാത്മയിൽ അഭയം. വള്ളിക്കോട് കുളത്തൂരേത്ത് ലക്ഷംവീട് കോളനിക്കുസമീപം മഠത്തിലേക്ക് വീട്ടിൽ ജാനകിയമ്മയെ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അടൂർ മഹാത്മാ ജനസേവന കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. 
ജാനകിയമ്മയുടെ ഏകമകൻ രാധാകൃഷ്ണൻ നായർ മദ്യത്തിന് അടിമയാണ്. ഇതുകാരണം ഭാര്യയും മകളും പിരിഞ്ഞു കഴിയുകയാണ്. ദേവസ്വം ബോർഡിലെ ജോലിയും നഷ്ടപ്പെട്ടു. പഴകിതകർന്നു വീഴാറായവീട്ടിലാണ് വൃദ്ധമാതാവും മകനും താമസിച്ചിരുന്നത്.


 വീട്ടിൽ ആഹാരം പാകംചെയ്തിട്ട് നാളേറെയായി. അയൽവീട്ടുകാർനൽകുന്ന ആഹാരംകൊണ്ടാണ് ജാനകിയമ്മ ജീവൻനിലനിർത്തിയത്. വീട് ചോർന്നൊലിച്ച് വൃത്തിഹീനമാണ്. നിറയെ മദ്യക്കുപ്പികളും ഇവരുടെ ദുരവസ്ഥയെക്കുറിച്ച് ഗ്രാമപഞ്ചായത്തംഗം കെ.കെ.മനോഹരൻ കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്ന് സാമൂഹ്യനീതിവകുപ്പിന് കളക്ടർ നിർേദശം നൽകുകയും വകുപ്പ് മഹാത്മാ ജനസേവനകേന്ദ്രത്തെ ഏറ്റെടുക്കലിന് ചുമതലപ്പെടുത്തുകയുമായിരുന്നു.  


വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ്, അംഗങ്ങളായ കെ.കെ. മനോഹരൻ, ലാലി എന്നിവരുടെ സാന്നിധ്യത്തിൽ മഹാത്മാ സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല ,സെക്രട്ടറി പ്രീഷിൽഡ ആന്റണി, റ്റി.ഡി.മുരളീധരൻ എന്നിവർ ജാനകിയമ്മയെ ഏറ്റെടുത്തു.