കോന്നി: പാഠപുസ്തകത്തിൽനിന്നു കിട്ടിയ ശാസ്ത്രീയ അറിവുകൾ  കുട്ടികൾ പ്രായോഗികമായി അവതരിപ്പിച്ചു. പത്തനംതിട്ട റവന്യൂജില്ലാ സ്കൂൾ ശാസ്ത്രമേളയുടെ രണ്ടാംദിവസം കോന്നിയിലെ മൂന്നു സ്കൂൾവിദ്യാർഥികളുടെ ശാസ്ത്രാഭിരുചി കാട്ടുന്ന വേദികളായി. 
എലിയറയ്ക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രപ്രദർശനവും ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രമേളയും റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്തിപരിചയമേളയും നടന്നു. 
ശ്രദ്ധേയം
ശാസ്ത്രപ്രദർശനത്തിൽ മെഴുവേലി ജി.ഐ.എസ്.യു.പി.എസ്. അവതരിപ്പിച്ച ജലസംരക്ഷണം ശ്രദ്ധേയമായി. കോണ്ടൂർകൃഷി രീതിയിൽ വെള്ളം പാഴാകാതെ പോകുന്നതായിരുന്നു ഇവരുടെ വിഷയം. ആഷിഖ്, തപസ്യ എന്നീ വിദ്യാർഥികളാണ് അവതരിപ്പിച്ചത്.
മാരാമൺ എം.ആർ.റ്റി.റ്റി.ഐ.യു.പി.എസിലെ ധ്യാൻ, ഏബൽ എന്നീ വിദ്യാർഥികൾ കിണർ റീചാർജിങ്ങാണ് അവതരിപ്പിച്ചത്. 
ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ ക്രിസ്റ്റോ അലക്സ്, വിപിൻ എന്നീ വിദ്യാർഥികൾ ഇൻക്യുബേറ്റർ ഉപയോഗിച്ച കോഴിമുട്ട വിരിയിക്കുന്നത് അവതരിപ്പിച്ചു. 180 മുട്ടവരെ 25 വോൾട്ടിന്റെ മൂന്നു ബൾബിന്റെ സഹായത്തോടെ 21 ദിവസംകൊണ്ട് വിരിയിെച്ചടുക്കാം എന്നു തെളിയിച്ചു. 
കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദേവിക അശോകും ജ്യോതിരാജും ചേർന്ന് ഭക്ഷണമാലിന്യവും കന്നുകാലിമാലിന്യവും കാർഷികമാലിന്യങ്ങളുംകൊണ്ട് പ്ലാസ്റ്റിക് ഉത്‌പാദിപ്പിക്കുന്നത് വിവരിച്ചു. ഇത്തരം പ്ലാസ്റ്റിക്കുകൾ മണ്ണിൽ അലിയുമെന്നും അവർ അവകാശപ്പെട്ടു. 
വെൺകുറിഞ്ഞി എസ്.എൻ.ഡി.പി.എച്ച്.എസ്.എസിലെ നിഥിൻ, അർജുൻ എന്നിവർ റോഡിൽനിന്നു വാഹനങ്ങളുടെ ഓട്ടത്തിനിടെ കൈനറ്റിക് ഊർജം ഉണ്ടാക്കുന്നവിധമാണു കാട്ടിയത്. ഇത്തരം വൈദ്യുതി തെരുവുവിളക്കുകൾ കത്തിക്കാനുപകരിക്കാം. 
പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലെ ഏഞ്ചൽ വർഗീസും റിനി തോമസും ചേർന്ന് കന്നാസും രാമച്ചവും ചെറിയ ഫാനും ഉപയോഗിച്ച് ശീതീകരണ ഉപകരണവും ചൂടാക്കുന്ന യന്ത്രവും പ്രവർത്തിപ്പിക്കുന്നത് അവതരിപ്പിച്ചു. 
സൈനികത്താവളങ്ങളിലും രാജ്യരക്ഷാകേന്ദ്രങ്ങളിലും ഉണ്ടാകുന്ന ഭീകരരുടെ ആക്രമണം തടയുന്നവിധമായിരുന്നു ഗവ. എച്ച്.എസ്. കോന്നിയിലെ ശ്വേത എസ്., അതുല്യ ആർ. എന്നിവർ അവതരിപ്പിച്ചത്.  സ്കൂളിൽ പുതിയതായി വിപുലീകരിച്ച ഉണർവ് ക്ലബ്ബിന്റെ ചുമതലയിൽ അധ്യാപിക പി.എസ്.ലക്ഷ്മിയുടെ മേൽനോട്ടത്തിലാണ് രാജ്യരക്ഷാകവചം എന്ന പദ്ധതി അവതരിപ്പിച്ചത്. 
എൽ.പി.വിഭാഗം ശാസ്ത്രമേളയിൽ തെങ്ങും അതിന്റെ സംരക്ഷണവും തെങ്ങിൽനിന്നു കിട്ടുന്ന ഉത്‌പന്നങ്ങളുമായിരുന്നു പ്രദർശിപ്പിച്ചത്. 
നാറാണംമൂഴി എം.റ്റി.എൽ.പി.സ്കൂളിലെ കുട്ടികൾ തെങ്ങ് ഉത്‌പന്നങ്ങളുടെ വലിയൊരു കലവറയാണ് ഒരുക്കിയത്. മറ്റ് എൽ.പി.സ്കൂളിൽനിെന്നത്തിയവരും നമ്മൾ മനസ്സിലാക്കാതെപോകുന്ന തെങ്ങിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന കാഴ്ചകൾ ഒരുക്കി.
മൈലപ്ര എസ്.എച്ച്.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റെഫിൻ, എബ്‌സിബ ബിജു എന്നിവർ മിനിട്രാക്ടർ അവതരിപ്പിച്ചു. ഒരേസമയം  അഞ്ചു പച്ചക്കറിയിനം കൃഷിയിറക്കുന്നതും അതിനുവേണ്ട ജൈവവളങ്ങളും വെള്ളവും നൽകുന്ന രീതിയും കാണിച്ചു.

 

 പങ്കാളിത്തം
11 ഉപജില്ലയിലുമായി 982 കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു. ഗണിതശാസ്ത്രമേളയിൽ 800 കുട്ടികളാണു പങ്കെടുത്തത്. കണക്കിലെ കളികളും അക്കങ്ങൾകൊണ്ടുള്ള കാഴ്ചകളും ഒരുക്കിയാണ് പ്രദർശനനഗരിയിൽ മത്സരിച്ചത്.