പറക്കോട്: അനന്തരാമപുരം ചന്തയിൽ അനധികൃതമായി താത്കാലിക ഷെഡ് കെട്ടി കച്ചവടം നടത്തിവന്ന മൂന്ന് കടകൾ കോടതിനിർദേശത്തെ തുടർന്ന് അടൂർ നഗരസഭ അധികൃതർ ഒഴിപ്പിച്ചു. സമീപത്തുള്ള മറ്റൊരു വ്യാപാരി നൽകിയ പരാതിയിലായിരുന്നു കോടതി ഉത്തരവ്. ഇതിനെ തുടർന്ന് നഗരസഭ സെക്രട്ടറി കട ഒഴിയാൻ പല തവണ നോട്ടീസ് നൽകിയെങ്കിലും സ്വയം ഒഴിയുന്നതിന് വ്യാപാരികൾ തയ്യാറായില്ല. തുടർന്നാണ് ചൊവ്വാഴ്ച പോലീസ് സഹായത്തോടെ അധികൃതർ എത്തി കടകൾ ഒഴിപ്പിച്ചത്. ഒഴിപ്പിക്കലിനെതിരെ ഒരു വിഭാഗം വ്യാപാരികൾ രംഗത്തുവന്നെങ്കിലും പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. നഗരസഭാ സെക്രട്ടറി ആർ.കെ.ദീപേഷ്, എൻജിനീയർ റഫീക്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്.