പന്തളം: കുരമ്പാല പടയണിക്കളരിയിൽ ആര്യനും തേജും ചുവടുവെയ്ക്കുമ്പോൾ റഷ്യക്കാരിയായ അമ്മ ആര്യ മരിയാനയ്ക്കും ആര്യയുടെ അമ്മ ഇറയ്ക്കും കൗതുകം. റഷ്യയിൽ പഠിക്കുന്ന ആര്യനും തേജും അവധിക്ക് അച്ഛന്റെ നാടായ കുരമ്പാലയിലെത്തിയപ്പോഴാണ് പടയണിയിൽ ചുവടുറപ്പിക്കാൻ മോഹമുദിച്ചത്.

ഭാരത സംസ്‌കാരം പഠിച്ച് യോഗ പരിശീലകയായ ആര്യക്ക്‌ മക്കളെ കേരളത്തിന്റെ നാടൻ കലയായ പടയണിയുടെ ഒരു ചുവടെങ്കിലും പഠിപ്പിക്കണമെന്ന ആഗ്രഹവുമുണ്ട്. പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ പടയണി കളരിയിൽ ഇവർ ചുവടുവെയ്ക്കുവാൻ തുടങ്ങി. പടയണിക്കളരിയിലെ മുതിർന്ന അംഗവും കുട്ടികളുടെ പരിശീലകനുമായ സുഭാഷ് കുരമ്പാലയാണ് ഇവരെ അഭ്യസിപ്പിക്കുന്നത്. നിർമ്മൽദേവിന്റെ സഹോദരന്റെ മകളായ മൈത്രേയിയും പരിശീലനത്തിൽ പങ്കുചേർന്നു.

കുരമ്പാല സ്വദേശിയായ കറുകത്തറ ഹരിസുമത്തിൽ നിർമ്മൽദേവിന്റെയും റഷ്യക്കാരിയായ ആര്യ മരിയാനയുടെയും മക്കളാണ് ആര്യനും തേജും. വിദേശത്തും കേരളത്തിനു പുറത്തും പഠിച്ച നിർമ്മൽദേവ് മഹാരാഷ്ട്രയിലെ യോഗ ക്യാമ്പിൽവെച്ചാണ് ആര്യ മരിയാനയെ പരിചയപ്പെടുന്നത്. കുറച്ചുകാലത്തിനുശേഷം ഇവർ വിവാഹിതരുമായി. ഏഴ് വർഷമായി ഇവർ റഷ്യയിലാണ്.

നാല് വയസ്സുകാരനായ ആര്യനും രണ്ട് വയസ്സുള്ള തേജിനും മലയാളം അത്ര വശമില്ലെങ്കിലും പരിശീലകൻ സുഭാഷ് ആംഗ്യത്തിലൂടെ പറഞ്ഞുകൊടുക്കുന്നവ ഇവർ മനസ്സിലാക്കിത്തുടങ്ങി. അവധിക്കാലം കഴിഞ്ഞ് റഷ്യയിലേക്ക് മടങ്ങുമ്പോൾ തപ്പിന്റെ താളത്തിനൊത്ത് ആര്യനും തേജും ചുവടുറപ്പിക്കുന്നുണ്ടാകും.