പന്തളം : പന്തളത്തിന്റെ വികസനം മുന്നിൽക്കണ്ട് നഗരസഭയ്ക്കുവേണ്ടി പ്ലാനിങ്‌ ബോർഡ് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ ആക്ഷേപങ്ങൾ അടുത്തയാഴ്ച കേൾക്കും. പരാതികൾ തരംതിരിച്ചുകഴിഞ്ഞു.

ഒരേ പരാതിക്കാരെ ഒന്നിച്ചുവിളിച്ച് പരാതി കേൾക്കാനാണ് തീരുമാനം. പരാതി സ്വീകരിക്കേണ്ട അവസാന ദിവസമായ മാർച്ച് 13 വരെ അഞ്ഞൂറിൽ അധികം പരാതികളാണ് നഗരസഭയിൽ ലഭിച്ചിട്ടുള്ളത്. ഇതിലധികവും റോഡ് സംബന്ധിച്ച പരാതികളാണ്.

പരാതി സ്വീകരിക്കേണ്ട അവസാന ദിവസമായ മാർച്ച് 13-വരെ അഞ്ഞൂറിൽ അധികം പരാതികൾ സ്വീകരിച്ച് ജില്ലാ ടൗൺ പ്ലാനർക്ക് നൽകിയതോടെ ലോക്ഡൗൺ കാരണം എല്ലാം താളം തെറ്റി.

സമർപ്പണത്തിനുള്ള സമയം നീട്ടിക്കിട്ടുന്നതിനായി ഗവൺമെന്റിന് കത്ത് നൽകി കാത്തിരിക്കുകയാണ് നഗരസഭ. മേയ് പതിമൂന്നിനകം മാസ്റ്റർ പ്ലാൻ ഗവൺമെന്റിൽ സമർപ്പിക്കുന്നതിനായിരുന്നു തീരുമാനം. ജില്ലാ ടൗൺ പ്ലാനിങ്‌ കമ്മിറ്റി അംഗങ്ങളും നഗരസഭാ അധികാരികളും ചേർന്നാണ് ഹിയറിങ്‌ നടത്തുന്നത്.

ജനുവരി 14-ന് ഗസറ്റ് വിജ്ഞാപനം കഴിഞ്ഞിരുന്നുവെങ്കിലും പൊതുജനങ്ങൾ ഇതിന്റെ വിവരം അറിയുന്നത് വളരെ വൈകിയാണ്. നഗരസഭയുടെ എല്ലാ മേഖലകളിലും നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾക്കായി ജില്ലാ ടൗൺപ്ലാനിങ്‌ വിഭാഗമാണ് പ്ലാൻ തയ്യാറാക്കിയത്.

കരട് നഗരസഭാ കൗൺസിൽ അംഗീകരിച്ചാൽ ഭൂവിനിയോഗങ്ങളും നിർമാണവും കരട് മാസ്റ്റർപ്ലാനിലെ നിർദേശങ്ങൾക്കും മേഖല നിയന്ത്രണങ്ങൾക്കും അനുസൃതമായിരിക്കും. ഭൂവിനിയോഗവും റോഡിന്റെ വീതികൂട്ടലും കൂടുതൽ ബാധിക്കുന്നത് കുറച്ചുഭൂമിയുള്ള സാധാരണക്കാരെയാകും. പരാതി നൽകിയവരിൽ കൂടുതലും ഇത്തരക്കാരാണ്. വികസനത്തിന് വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെങ്കിലും വീട്, കട എന്നിവ പണിയുവാനുള്ള അനുമതിക്ക് പുതിയ പ്ലാൻ ബാധകമാകും. ആക്ഷേപങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാർ.