പന്തളം: പന്തളം ചന്തയ്ക്കു സമീപം വഴിയരികിൽ നിൽക്കുന്ന രണ്ട് മാവുകൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരേ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു. ചില വ്യക്തികൾ മനുഷ്യാവകാശ കമ്മിഷനിൽനിന്ന് നേടിയെടുത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്തുവകുപ്പ് മരങ്ങൾ വെട്ടാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.
പരിസ്ഥിതി പ്രവർത്തകർ മാവുകൾക്ക് ചുവട്ടിൽ മരങ്ങളെ എങ്ങനെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. വൃക്ഷവൈദ്യനും വന്യജീവി ബോർഡ് അംഗവുമായ കെ.ബിനു ഉദ്ഘാടനം ചെയ്തു. പക്ഷികൾക്കും ജീവിക്കണമെന്നും വംശനാശഭീഷണി നേരിടുന്ന ചേരക്കോഴി പോലെയുള്ള പക്ഷികൾ കൂടുകൂട്ടുന്ന ഈ മരങ്ങൾ വളരെയധികം പ്രാധാന്യമുള്ളതാണെന്നും പക്ഷികളുടെ കാഷ്ഠം വീഴുന്നു എന്ന നിസ്സാര പ്രശ്നം പരിഹരിക്കുന്നതിന് മരം അപ്പാടെ വെട്ടിക്കളയാനുള്ള നീക്കം തടയുമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷികൾ കൂടുകൂട്ടി കുഞ്ഞുങ്ങളുമായി ഇരിക്കുന്ന മരം വെട്ടുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ഗൗരവതരമായ കുറ്റകൃത്യമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. പത്തനംതിട്ട ബേഡേഴ്സ്, ദിശ, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിങ്ങനെയുള്ള സംഘടനകളെ പ്രതിനിധീകരിച്ചുള്ള പ്രവർത്തകരും കോളേജ് വിദ്യാർഥികളും പങ്കെടുത്തു.