പന്തളം: വെള്ളത്തിൽ മുങ്ങിയ കിണറുകളും ചെളിനിറഞ്ഞ പുരയിടങ്ങളും വൃത്തിയാക്കുന്ന ജോലി തുമ്പമൺ, കുളനട പഞ്ചായത്തുകളിലും പന്തളം നഗരസഭാ പ്രദേശത്തും പൂർത്തിയാകുന്നു. വിവിധ സംഘടനകളും പഞ്ചായത്തും മുൻകൈയെടുത്താണ് കിണർ വൃത്തിയാക്കുന്നത്.

തുടക്കത്തിൽ വീട് വൃത്തിയാക്കാനെത്തിയ ചില ജോലിക്കാർ അമിത തുക വീട്ടുകാരിൽനിന്നു ഈടാക്കിയിരുന്നു. എന്നാൽ മോട്ടോറും ശുചീകരണ സാമഗ്രികളുമായി സന്നദ്ധസംഘടനകളും വിവിധ വകുപ്പുകളും രംഗത്തെത്തിയതോടെ കൊള്ളയടിക്കാർ പിന്മാറി.

പലപ്രദേശത്തും ചെളിനിറഞ്ഞതും വെള്ളപ്പാച്ചിലിൽ കുഴികളായതുമായ റോഡുകൾ വൃത്തിയാക്കിയത് അവിടെ തന്നെയുള്ള സന്നദ്ധപ്രവർത്തകരാണ്. മറ്റു ജില്ലകളിൽനിന്നു വിവിധ സംഘടനകളുടെ വൊളന്റിയർമാർ സഹായത്തിനായി എത്തിയിരുന്നു. ബുധനാഴ്ച സ്‌കൂളുകൾ തുറന്നെങ്കിലും ചില സ്‌കൂളുകളിൽ ശൗചാലയമോ ചില ക്ലാസ് മുറികളോ ഉപയോഗിക്കാനായിരുന്നില്ല. ഇത് നന്നാക്കാൻ സമയമെടുത്തു.

ആറ്റുതീരത്തെ പറമ്പുകളിൽ മണലിനും എക്കലിനും ഒപ്പം ഒഴുകിയെത്തിയത് മാലിന്യവും പ്ലാസ്റ്റിക് കവറുകളുമാണ്. പറമ്പിലെ ചെടികളിലും മരത്തിലുമെല്ലാം പ്ലാസ്റ്റിക് കവറുകൾ കുരുങ്ങിക്കിടപ്പുണ്ട്. കൃഷികളെല്ലാം ചെളിയും പൊടിമണലും മൂടിപ്പോയി. ചെളികാരണം പറമ്പിലേക്ക് ഇറങ്ങാൻ കഴിയാതായി.

കുളനടയിൽ ശുദ്ധജലം ആവശ്യമുള്ള പ്രദേശങ്ങളിൽ ജലവിതരണം നടത്തുന്നുണ്ട്. പഞ്ചായത്തിൽ നിന്നുതന്നെ കിണർ വൃത്തിയാക്കലും ക്ലോറിനേഷൻ നടത്തലും നടത്തുന്നുണ്ട്. കിണറുകൾ നിറഞ്ഞുകിടക്കുന്നതിനാൽ അടിച്ചുവറ്റിക്കുന്നതും ശ്രമകരമായ ജോലിയാണ്. തൊടി ഇറക്കിയിട്ടുള്ള കിണറുകൾ മോട്ടോറുപയോഗിച്ച് വറ്റിക്കുമ്പോൾ തൊടികൾ താഴേക്ക് അടർന്ന് അപകടം ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ആറ്റുതീരത്തെ കിണറുകൾ വറ്റിക്കുന്ന ജോലി ശ്രമകരമാണ്.

ജലനിരപ്പ് താഴ്ന്നതോടെ മീൻപിടിത്തം തകൃതി

അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നതോടെ മീൻപിടിത്തം തകൃതിയായി നടക്കുന്നു. ഏറുചൂണ്ടയാണ് എല്ലാവരും ഉപയോഗിക്കുന്നത്. വളർത്തുമീനുകളാണ് ചൂണ്ടയിൽ കുടുങ്ങുന്നവയിലധികവും. പാടവും ചാലും കുളങ്ങളും നിരന്നൊഴുകിയതോടെ ഇവിടെ വളർത്തിയിരുന്ന മീനുകൾ ഒഴുകിയെത്തിയത് ആറ്റിലേക്കാണ്. വേനൽക്കാലത്ത് മത്സ്യഫെഡ് വളർത്തുമീനുകളെ ആറ്റിൽ നിക്ഷേപിച്ചിരുന്നു. ഇവ വലുതായിക്കഴിഞ്ഞു. അഞ്ചുകിലോ തൂക്കമുള്ള മീനുകൾ വരെ ചൂണ്ടയിൽ കുടുങ്ങുന്നുണ്ട്.