പന്തളം: കരകവിഞ്ഞൊഴുകിയ അച്ചൻകോവിലാറ്റിൽ രണ്ടാഴ്ചകൊണ്ട് െവള്ളം ഇരുപതടിയിലധികം താഴ്ന്നു. വെള്ളം താഴ്‌ന്നെങ്കിലും തീരത്തു താമസിക്കുന്നവരുടെ മനസ്സിൽനിന്നു ഭീതി വിട്ടകലുന്നില്ല. 1992-ലെ വെള്ളപ്പൊക്കമാണ് പന്തളത്തെ പഴയ വലിയപാലം തകർത്തത്. അന്ന് പാലത്തിൽ നിന്നുവീണ് മൂന്നുജീവൻ പൊലിഞ്ഞു. പലരുടെയും മനസ്സിൽനിന്നു അന്നത്തെയും അതിനൊപ്പം ഇന്നത്തെയും ഭീകരത ഒഴിയാതെ നിൽക്കുന്നു.

92-ൽ ഉയർന്ന വെള്ളത്തിൽനിന്നു കൂടുതലായിരുന്നു ഇത്തവണ. അഞ്ചടിയോളം വെള്ളം അധികം. 16-ന് രാത്രിയാണ് ആറ് കരകവിഞ്ഞ് നാലുപാടും ഒഴുകിയത്. നാലുമണിക്കൂർകൊണ്ട് ഉയർന്നത് അഞ്ചടിവെള്ളം. എല്ലാവർഷവും സാധാരണയായുണ്ടാകുന്ന വെള്ളപ്പൊക്കം കണ്ട് ശീലമായിരുന്ന തീരവാസികൾ പലരും വീട്ടിൽത്തന്നെ കഴിച്ചുകൂട്ടി. മുറ്റത്തുകൂടിയും റോഡിൽക്കൂടിയും വെള്ളം കുതിച്ചൊഴുകിയപ്പോൾ മാത്രമാണ് വീടുവിടാൻ പലരും തയ്യാറായത്.

മുൻവർഷത്തേക്കാൾ കുത്തൊഴുക്കായിരുന്നു ഈ വെള്ളപ്പൊക്കത്തിന്റെ പ്രത്യേകത. ആറ് കവിഞ്ഞപ്പോൾ കണ്ട വഴികളിലൂടെയെല്ലാം വെള്ളം കുതിച്ചൊഴുകി. ഗതിമാറിയുള്ള ഒഴുക്ക് പലപ്രദേശങ്ങളെയും ഒറ്റപ്പെടുത്തി, റോഡുകൾ നിമിഷനേരംകൊണ്ട് കുഴിഞ്ഞു.

വലിയപാലത്തിലും തൂക്കുപാലത്തിലും ആറിന്റെ താണ്ഡവം കാണാൻ എത്തിയവരെ പോലീസ് അകറ്റി നിർത്തി. ഇത്തവണ തീരവും തീരത്തുനിന്ന മരങ്ങളും തകർത്തുകൊണ്ടായിരുന്നു വെള്ളത്തിന്റെ ഒഴുക്ക്. കോന്നിമുതൽ ഐരാണിക്കുടിവരെയുള്ള പത്തനംതിട്ട ജില്ലയുടെ തീരത്തുമാത്രം രണ്ടേക്കറോളം ഭൂമി ആറ് കവർന്നെടുത്തിട്ടുണ്ട്.

പന്തളം വലിയപാലത്തിന്റെ തൂണുകൾ കോൺക്രീറ്റ് അടർന്നും ആലുകിളിർത്തും മണലിൽ താഴ്ന്നു നിൽക്കേണ്ട തൂണുകൾ വെള്ളത്തിനു മുകളിൽ ഉയർന്നു നിൽക്കാൻ തുടങ്ങിയിട്ട് വളരെ നാളായി. ഈ വെള്ളപ്പൊക്കത്തിലും കടപുഴകിവന്ന മരങ്ങൾ തൂണുകളിൽ ഇടിച്ച് കടന്നുപോയി. വെള്ളം താഴ്ന്നിട്ടും ചെറുതടികളും കാടും പാലത്തിന്റെ തൂണിൽ തങ്ങിനിൽക്കുന്നുണ്ട്.

കോൺക്രീറ്റ് അടർന്നുപോയി കമ്പി തെളിഞ്ഞിരിക്കുന്ന ഭാഗം സിമന്റു തേക്കാനോ ഉറപ്പും സുരക്ഷയും പരിശോധിക്കാനോ ആരും തയ്യാറായിട്ടില്ല.