പത്തനംതിട്ട:‘ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാർ‘- ബുധനാഴ്ച രാത്രി ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ വന്നു നിറഞ്ഞ സന്ദേശങ്ങളിലേറെയും ഇൗ വാക്കുകളായിരുന്നു.
പ്രതിസന്ധികളിൽ നാടുഴലുമ്പോഴെല്ലാം സാന്ത്വനവും കരുത്തും പകർന്ന വ്യക്തിത്വത്തിനോടുള്ള ആദരവും സ്നേഹവുമായിരുന്നു ഇൗ അക്ഷരങ്ങളിൽ തെളിഞ്ഞത്. സഹകരണ രജിസ്ട്രാർ എന്ന പദവിയിലാണ് ഇനി ഇദ്ദേഹത്തിന്റെ തുടർദൗത്യം. 2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്.
മഹാപ്രളയത്തിനു മുന്നിൽ നാട് വിറങ്ങലിച്ചുനിന്നപ്പോൾ കൈപിടിച്ചുയർത്താൻ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. എല്ലായിടത്തും നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. പ്രളയം ബാധിച്ച വീടുകളിലുള്ളവർക്ക് കൃത്യമായ സഹായമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ ദൃശ്യങ്ങൾ അന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ശബരിമല യുവതീപ്രവേശനവിഷയത്തിൽ പ്രതിഷേധം പലയിടത്തും ആളിക്കത്തിയപ്പോഴും കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ നിരന്തരശ്രദ്ധ പുലർത്തി.
കേരളത്തിന്റെ അതിജീവനചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു കഴിഞ്ഞ വർഷം മാർച്ചിൽ രചിച്ചത്. ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയിൽ നാടൊന്നടങ്കം ഞെട്ടിയിരുന്നു.
രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്ത് പി.ബി.നൂഹ് മുന്നിൽ നിന്നു. ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നൽകിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നൽകി. പതിയെ ആശങ്ക വഴിമാറി. ഇൗ സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇദ്ദേഹത്തെ പേരെടുത്തുപറഞ്ഞ് പ്രശംസിച്ചു.
കോവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഇദ്ദേഹത്തിന്റെ സന്ദേശങ്ങൾക്കായി ജനങ്ങൾ കാത്തിരുന്നതും സവിശേഷതയായിരുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകാൻ നാടിനെ ഒപ്പം ചേർക്കുന്നതിനാണ് ഇദ്ദേഹം സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയത്. കോന്നിയിൽ ആദിവാസി കോളനിയിലേക്ക് ആഹാരസാധനങ്ങൾ ചുമന്നെത്തിക്കാനും ജില്ലാ കളക്ടർ മുന്നിൽ നിന്നത് കേരളമാകെ ‘വൈറലായി’. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും ഇദ്ദേഹം പരിശ്രമിച്ചു. മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവിൽ സർവീസ് ബാച്ച് അംഗമാണ്. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനായി വ്യാഴാഴ്ച ഇദ്ദേഹം ശബരിമലയിലുമെത്തും.
സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടര്‍. പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
ഈ അനുഭവങ്ങൾ മുതൽക്കൂട്ട്
സർവീസ് ജീവിതത്തിൽ പകരംവെയ്ക്കാനാകാത്ത അനുഭവങ്ങളാണ് പത്തനംതിട്ട ജില്ല നൽകിയത്. പ്രതിസന്ധികൾ മറികടക്കാനായത് നാടിന്റെ പിന്തുണയാലാണ്. ജനങ്ങളിൽ വിശ്വാസം സൃഷ്ടിക്കാനായതിനാലാണ് പ്രവർത്തനങ്ങൾ വിജയത്തിലെത്തിയത്.- പി.ബി.നൂഹ്
Thanks, Beloved Pathanamthitta.
Posted by District Collector Pathanamthitta on Wednesday, 13 January 2021