തിരുവല്ല : അപ്പർകുട്ടനാട്ടിലെ പ്രളയത്തിൽ അകപ്പെട്ട് ആയിരക്കണക്കിന് താറാവു കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. മേപ്രാൽ വടക്കുംഭാഗം നടുവിലേപുരയ്ക്കൽ കൊച്ചുമോൻ വളർത്തിയിരുന്ന മൂവായിരത്തോളം താറാവ് കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്.

ഞായറാഴ്ച രാത്രിയാണ് ഇവയെ വളർത്തിയിരുന്ന കൂടിന് സമീപം വെള്ളം എത്തിയത്.

തിങ്കളാഴ്ചയോടെയാണ് ചത്തനിലയിൽ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ശേഷിക്കുന്ന ഒമ്പതിനായിരം താറാവുകുഞ്ഞുങ്ങളെ മേപ്രാൽ കിടങ്ങറ റോഡിലേക്കു മാറ്റി. ബാങ്കിൽനിന്ന്‌ ലോണെടുത്തു നടത്തിയ താറാവുകൃഷിയാണ് വെള്ളത്തിലായത്. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കൊച്ചുമോൻ പറഞ്ഞു.

താറാവുകൃഷിയ്ക്ക് ഇൻഷുറൻസ് പരിരക്ഷയെങ്കിലും ഉറപ്പാക്കാനുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. മറ്റു താറാവു കർഷകർക്കും നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Content Highlights: Over 3000 ducklings died in floods at upper kuttanad