അടൂർ: കോടതി നിർദേശത്തെത്തുടർന്ന് പുറമ്പോക്ക് ഭൂമിയിൽനിന്ന വീട് ഒഴിപ്പിക്കാനെത്തിയ കെ.ഐ.പി. ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും മുന്നിൽ ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി. നെടുമൺ പള്ളി വടക്കേതിൽ അബ്ദുൽ കരിം ആണ് അധികൃതരുടെ മുൻപിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടർന്ന് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാതെ അധികൃതർ തിരികെപോയി.
ഏഴംകുളം പട്ടാഴി മുക്ക് നെടുമൺ ഭാഗത്തെ കനാൽ പുറംപോക്കിൽ എട്ടുവർഷമായി വീടുവെച്ചു താമസിക്കുന്ന രണ്ടു കുടുംബങ്ങളെയാണ് അധികൃതർ ഒഴിപ്പിക്കാൻ വ്യാഴാഴ്ച രാവിലെ എത്തിയത്. നെടുമൺ പള്ളി വടക്കേതിൽ സഫിയത്ത് ബീവി, അബ്ദുൽ കരിം എന്നിവരും കുടുംബാംഗങ്ങളുമാണ് വീടുകളിൽ താമസിക്കുന്നത്.
അയൽവാസിയുടെ വസ്തുവിന് ഇവർ താമസിക്കുന്ന വീട് തടസ്സം നിൽക്കുന്നുവെന്നു കാട്ടി 2015 മുതൽ കോടതിയിൽ കേസ് നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോടതി നിർദേശത്തെത്തുടർന്ന് കെ.ഐ.പി. അടൂർ ഓഫീസിൽനിന്ന് പുറമ്പോക്ക് ഭൂമി ഒഴിയണമെന്ന് കാണിച്ച് പലതവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മറ്റു സ്ഥലമോ വീടുകളോ ഇല്ലാത്തതിനാൽ ഇവർ മാറാൻ കൂട്ടാക്കിയില്ല. തുടർന്ന് കോടതി ഉത്തവ് നടപ്പാക്കാത്തതിനാൽ കെ.ഐ.പി. അധികൃതർക്ക് കഴിഞ്ഞ ദിവസം കോടതി അലക്ഷ്യത്തിന് നോട്ടീസ് വന്നു.
പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ വീടിനുവേണ്ടി അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെയും നടന്നില്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവമറിഞ്ഞ് പഞ്ചായത്തംഗം ബീനാ ബാബുജാൻ ഉൾപ്പെടെ നിരവധി നാട്ടുകാരും സ്ഥലത്തെത്തി.
റിപ്പോർട്ട് നൽകും
കോടതി ഉത്തരവ് നടപ്പാക്കാൻ സാധിക്കാത്തതു സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകും. റഫീക്കാ ബീവികെ.ഐ.പി. എക്സിക്യുട്ടീവ് എൻജിനീയർ, അടൂർ.