ശബരിമല : അയ്യപ്പഭക്തർക്ക് മല കയറാനായി തുറന്നുനൽകിയ സ്വാമി അയ്യപ്പൻറോഡിൽ ആവശ്യമായ രീതിയിൽ സൗകര്യമൊരുക്കാത്തത് ഭക്തർക്ക് ഏറെ ബുദ്ധിമുട്ടാകുന്നു. ആകെ ഇടുങ്ങിയ ഈ വഴി കോൺക്രീറ്റ് ചെയ്ത് ട്രാക്ടറുകൾക്ക് പോകാൻ മാത്രം സൗകര്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ റോഡിലൂടെയാണ് ട്രാക്ടറുകളുടെയും അയ്യപ്പന്മാരുടെ മല കയറ്റവും ഇറക്കവും ഭക്തർ സഞ്ചരിക്കുന്ന അതേ സമയം തന്നെയാണ് അവർക്കിടയിലൂടെ സന്നിധാധത്തേക്കുള്ള സാധനങ്ങൾ ട്രാക്ടറിൽ കൊണ്ടുപോകുന്നത്. ട്രാക്ടറുകൾ വരുമ്പോൾ ഭക്തർക്ക് ഒഴിഞ്ഞുനിൽക്കാൻ റോഡിെൻറ വശങ്ങളിൽ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്നം. തിരക്കേറുന്ന മുറയ്ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

ആവശ്യത്തിന് വിശ്രമകേന്ദ്രങ്ങളില്ലെന്നതാണ് സ്വാമി അയ്യപ്പൻറോഡിലെ മറ്റൊരു പ്രശ്നം. താത്‌കാലികമായി തുറന്ന ഈ പാതയിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടില്ല. ആതിനാൽ മല കയറി ക്ഷീണിക്കുന്ന ഭക്തർ ഒന്നിരിക്കാൻ ഇടമില്ലാതെ കഷ്ടപ്പെടുകയാണ്. തന്നെയുമല്ല അയ്യപ്പന്മാർക്ക് പിടിച്ചുകയറാൻ ചിലയിടങ്ങളിൽ കൈവരികളില്ലാത്തതും ബുദ്ധിമുട്ടാകുന്നു. അടിയന്തരഘട്ടങ്ങളിൽ വൈദ്യസഹായം എത്തിക്കാനുള്ള സൗകര്യവും ഈ റോഡിൽ നന്നേ കുറവാണ്.

മാളികപ്പുറങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള ബയോ ടോയ്‌ലറ്റിെൻറ അഭാവമാണ് മറ്റൊരു പ്രശ്നം. പമ്പയിൽനിന്ന്‌ തുടങ്ങിയാൽ സ്വാമി അയ്യപ്പൻറോഡിൽ ചരൽമേട് ഭാഗത്താണ് സ്ത്രീകൾക്കുള്ള ബയോ ടോയ്‌ലറ്റുകൾ ഉള്ളത്. മറ്റിടങ്ങളിലെല്ലാം പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ശൗചാലയങ്ങളാണുള്ളത്. അവ തന്നെയും പരിമിതമായ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴ കൂടിയാവുമ്പോൾ തീർഥാടകരുടെ മലകയറ്റം കൂടുതൽ ദുരിതപൂർണമാവുകയാണ്.

Content Highlights: No facilities on Swami Ayyappan Road, devotees face problems