പത്തനംതിട്ട: നിപയെ പ്രതിരോധിക്കാൻ സജ്ജീകരണങ്ങളൊരുക്കി ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതർ. പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, അടൂർ, തിരുവല്ല, കോന്നി, മല്ലപ്പള്ളി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും തിരുവല്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും െഎസൊലേഷൻ വാർഡും കഫ് കോർണറും തുടങ്ങാൻ നിർദേശം നൽകി.

പനിബാധിതരായെത്തുന്ന രോഗികൾക്കായി പ്രത്യേക ഒ.പി. സംവിധാനം എല്ലാ ആശുപത്രികളിലും ഏർപ്പെടുത്തണമെന്നും ആശുപത്രി മേധാവികളുമായി നടന്ന ചർച്ചയിൽ ഡി.എം.ഒ. നിർദേശം നൽകി. ശ്വാസതടസ്സം, മസ്തിഷ്ക ജ്വരം എന്നീ ലക്ഷണങ്ങളുമായെത്തുന്ന കേസുകൾ ഉടൻ ഡി.എം.ഒ.യെ അറിയിക്കണം. ഇതോടൊപ്പം പകർച്ചവ്യാധികളായ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഡി.എം.ഒ. നിർദേശിച്ചിട്ടുണ്ട്.

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ തോട്ടമുടമകളോട് തോട്ടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ആനിക്കാട്ടിൽ വീട്ടമ്മ മരിച്ചത് എച്ച്.വൺ.എൻ.വൺ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സംശയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനായി മരിച്ചയാളുടെ സ്രവം മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഡി.എം.ഒ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ബുധനാഴ്ച നിലവിലെ സാഹചര്യങ്ങൾ ചർച്ചചെയ്യും. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. അതിനിടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിബാധിച്ച് ചൊവ്വാഴ്ച 215പേർ ചികിത്സതേടി. ഒരുമാസത്തിനിടെ 26 പേർക്ക് എലിപ്പനിയും, 20 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: Nipah, Isolation wards opens, Pathanamthitta