തിരുവല്ല: താലൂക്ക് ആശുപത്രിയിലെ മൊഡ്യുലാർ ഓപ്പറേഷൻ തിയേറ്ററിന്റെ പണി പാതിവഴിയിൽ. സാങ്കേതിക തടസ്സങ്ങളിൽ കുരുങ്ങിയാണ് പദ്ധതി തുടങ്ങിയതുതന്നെ. പണി ഉറപ്പിച്ചവർ ഇതുവരെ കരാർ ഒപ്പിട്ടില്ലെങ്കിലും പണി തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരിയോടെ തീർക്കാനാകുമെന്ന് കരാർ കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞു. നിലവിലുള്ള പ്രധാന തിയേറ്റർ വൈദ്യുതി പ്രശ്നങ്ങൾ മൂലം അടച്ചിട്ടിരിക്കുകയാണ്. താത്കാലിക തിയേറ്ററാണ് ഉപയോഗിക്കുന്നത്.
രേഖാ ഗണേശിന്റെ ഫണ്ട്
രാജ്യസഭ എം.പി.യായ രേഖാ ഗണേശിന്റെ ഫണ്ടിൽനിന്നാണ് 62,65,279 രൂപ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പണിയാൻ അനുവദിക്കുന്നത്. 2015-ൽ പുതിയ നാലുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്ത വേളയിലാണ് രണ്ടാമതൊരു ഓപ്പറേഷൻ തിയേറ്റർകൂടി വേണമെന്ന ചർച്ച ഉയരുന്നത്. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യന് ആശുപത്രി അധികൃതർ നിവേദനം സമർപ്പിച്ചു. സ്വന്തം ഫണ്ട് പരിധി കഴിഞ്ഞതിനാൽ അദ്ദേഹം ഇടപെട്ട് തമിഴ്നാട്ടിൽനിന്നുള്ള രേഖാ ഗണേശിന്റെ ഫണ്ടിൽനിന്ന് തുക അനുവദിപ്പിക്കുകയായിരുന്നു.
2017 ജൂലായ് 25-ന് പണം അനുവദിച്ചുകൊണ്ടുള്ള കത്ത് പത്തനംതിട്ട കളക്ടറേറ്റിലേക്ക് എം.പി.യുടെ ഓഫീസിൽനിന്ന് അയച്ചു. കത്ത് ഒക്ടോബറിലാണ് കളക്ടറേറ്റിൽ കിട്ടിയതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. രൂപരേഖ തയ്യാറാക്കാൻ ഉടൻ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചുകൊടുത്തു. ആറുമാസം എടുത്താണ് സാങ്കേതികാനുമതിവരെയുള്ള കാര്യങ്ങൾ പൂർത്തീകരിച്ചത്.
മൊഡ്യുലാർ ഓപ്പറേഷൻ തിയേറ്റർ
ദിവസം ശരാശരി ആറ് ശസ്ത്രക്രിയകളെങ്കിലും താലൂക്ക് ആശുപത്രിയിൽ നടക്കാറുണ്ട്. ഗൈനക്കോളജിക്ക് പുറമേ ഓർത്തോ, ജനറൽ, ഇ.എൻ.ടി. വിഭാഗങ്ങളിൽ ശസ്ത്രക്രിയ നടക്കുന്നുണ്ട്.
കാൽമുട്ടും, ഇടുപ്പും മാറ്റിവച്ച ശസ്ത്രക്രിയകൾ ഇവിടെ നടത്തിയിട്ടുണ്ട്. തിരക്കേറെയുള്ളതിനാൽ പുതിയ തിയേറ്റർ എന്ന ആശയം ഉയരുകയായിരുന്നു. മികച്ച സൗകര്യങ്ങളും ആവശ്യത്തിന് സ്ഥലവും അണുബാധാ പ്രതിരോധത്തിന് പ്രാധാന്യമുള്ളതുമാണ് മൊഡ്യുലാർ ഓപ്പറേഷൻ തിയേറ്ററുകൾ. 2000 ചതുരശ്ര അടിയിലാണ് പണിയുക. പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പണികൾ.
അവലോകനം നടത്തി
പണിസംബന്ധിച്ച് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ നേതൃത്വത്തിൽ അവലോകനം നടത്തി. സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അനുവദിക്കപ്പെട്ട തുകയിൽ 49 ലക്ഷം രൂപ കളക്ടറേറ്റിൽ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബാക്കി ഫണ്ട് ലഭിക്കുന്നതിന് കാലതാമസം ഉണ്ടായാൽ താൻ ഇടപെട്ട് വേഗത്തിലാക്കാമെന്ന് പി.ജെ.കുര്യൻ പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, സൂപ്രണ്ട് ജി. അജയമോഹൻ, ആർ.എം.ഒ. എം.അരുൺ, ഡോ. ഡി.സുഭാഷ് തുടങ്ങിയവരും പണികൾ വിലയിരുത്തി.
Content Highlights: Modular Operation Theater, Thiruvalla Taluk Hospital