ഏനാത്ത്: എം.സി.റോഡിൽ ഏനാത്തിനും അടൂരിനും ഇടയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ പൊലിയുന്നത് നിരവധി ജീവനുകൾ. ഇരുചക്രവാഹനയാത്രക്കാരാണ് മരണപ്പെട്ടവരിൽ അധികവും. അശ്രദ്ധയും അമിതവേഗവുമാണ് അപകടങ്ങൾ കൂടാൻ കാരണമെന്ന് മോട്ടോർവാഹന വകുപ്പും പോലീസും പറയുന്നു. എന്നാൽ വേഗം നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല.
എം.സി.റോഡിൽ അടൂർ മുതൽ തിരുവനന്തപുരം പള്ളിപ്പുറം വരെ അതീവസുരക്ഷാ പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയാണ്. കൂടാതെ എം.സി.റോഡിനോട് ചേർന്ന ഉപറോഡുകളുടെ അറ്റകുറ്റപ്പണികളും നടത്തുന്നു. ഉപറോഡുകളിൽനിന്ന് എം.സി.റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങൾക്ക് മറ്റൊരു കാരണമാണ്. ഇത്തരം അപകടങ്ങൾ നിയന്ത്രിക്കാൻ ഏനാത്ത് പാലത്തിനു സമീപം മണ്ണടി റോഡിൽനിന്ന് എം.സി.റോഡിലേക്ക് കയറുന്ന ഉപറോഡിൽ കൂടിയുള്ള ഗതാഗതം നിരോധിക്കാൻ പോലീസ് കെ.എസ്.ടി.പി.ക്ക് കഴിഞ്ഞ ദിവസം കത്ത് നൽകി. എം.സി.റോഡിലേക്ക് കയറുന്ന ഉപറോഡിന്റെ ഭാഗത്ത് ഉയരക്കൂടുതലായതിനാൽ ഡ്രൈവർമാർക്ക് ഇരുവശവും ശ്രദ്ധിക്കാനാകില്ലെന്നും ഇത് അപകടത്തിനിടയാക്കുമെന്നും വ്യക്തമാക്കിയാണ് പോലീസ് കത്ത് നൽകിയത്. റോഡിന്റെ സുരക്ഷാപദ്ധതി രൂപകൽപ്പന ചെയ്യുന്ന നാറ്റ്പാക് കമ്പനിയും ഈ നിർദേശം കെ.എസ്.ടി.പി.യെ അറിയിച്ചിരുന്നതാണ്.
നിരത്തിൽ പൊലിയുന്ന ജീവൻ 2019 ജൂൺ 24 വരെ മാത്രം 20 അപകടങ്ങളും ഒരു മരണവുമാണ് ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. 2018-ൽ നടന്ന 18 വാഹനാപകടങ്ങളിൽ ഏഴു ജീവനുകളാണ് നഷ്ടപ്പെട്ടത്. അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2018-ൽ 53 അപകടങ്ങളിൽ എട്ടു മരണവും 2019 ജൂൺ വരെ 28 അപകടങ്ങളിൽ മൂന്നു മരണവും നടന്നു. ഗുരുതര പരിക്കുകൾ പറ്റിയവരുടെ എണ്ണവുമേറെ.
നടപടി പുരോഗമിക്കുന്നു
എം.സി.റോഡിൽ വേഗ നിയന്ത്രണത്തിനുളള നടപടി പുരോഗമിക്കുകയാണ്. 10 കിലോമീറ്ററിൽ എൻഫോഴ്സ്‌മെന്റ് സംവിധാനം നടപ്പാക്കും. ഇതിനായി മോട്ടോർവാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശീലനക്ലാസുകൾ തുടങ്ങി.
അൻസാർ
കെ.എസ്.ടി.പി. സൂപ്രണ്ടിങ് എൻജിനീയർ