മണ്ണടി: ഒരുനൂറ്റാണ്ടിന്റെ ഓർമയും പേറി, കാർഷികമേഖലയ്ക്കു കരുത്തു പകർന്നിരുന്ന മണ്ണടി താഴത്ത് ചന്ത പുനർജനിക്കുന്നു. 25 വർഷമായി പ്രവർത്തനം നിലച്ച ചന്തയാണ് പുനരാരംഭിക്കുന്നത്. ഒരു കാലത്ത് കടമ്പനാട് ഗ്രാമപ്പഞ്ചായത്തിന് കൂടുതൽ വരുമാനം ലഭിച്ചിരുന്ന ചന്തകളിൽ ഒന്നാണിത്. പഴയകാല മണ്ണടിയിലെ കർഷകരുടെ കാർഷിക സമ്പത്തിന് ശക്തി പകർന്നിരുന്നതും ഈ ചന്തയായിരുന്നു.

വർഷങ്ങൾക്കു മുമ്പ് സജീവമായിരുന്ന ഇവിടെ തിങ്കളും വ്യാഴവുമായിരുന്നു ചന്ത . മണ്ണടി, മുടിപ്പുര, ദേശക്കല്ലും മൂട്, ദളവ ജങ്ഷൻ, നിലമേൽ എന്നിവിടങ്ങളിൽനിന്നും കൂടാതെ കൊല്ലം ജില്ലയിലെ കുളക്കട, മാവടി, ഐവർകാല, ഏഴാംമൈൽ, കൈതപറമ്പ് എന്നിവിടങ്ങളിൽനിന്നും നിരവധിയാളുകൾ ചന്തയിൽ എത്തുമായിരുന്നു.

കുളക്കടയിൽനിന്നും കടത്തുകയറി മണ്ണടിച്ചന്തയിൽ കുരുമുളക്, ചുക്ക്, കശുവണ്ടി, ഇഞ്ചി എന്നിവ എടുക്കുവാൻ മൊത്തവ്യാപാരികൾ എത്തിയിരുന്നു. പിന്നീട് സമീപപ്രദേശങ്ങളിൽ കൃഷി അന്യമായതോടെ കാർഷിക വിളകളുടെ വരവു നിലച്ചു. കാർഷിക വിളകളാൽ സമ്പന്നമായിരുന്ന വിശാലമായ ചന്ത ചെറുകിട മത്സ്യക്കച്ചവടത്തിനും രാഷ്ട്രീയ പാർട്ടികളുടെ യോഗസ്ഥലത്തിനും മാലിന്യം തള്ളാനുള്ള ഇടമായും മാറി.

കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പികുന്ന മണ്ണടി ദേശക്കാരുടെ സ്വപ്നമായിരുന്ന ചെട്ടിയാരേത്ത് കടവുപാലം യാഥാർഥ്യമാകുന്നതോടെ ചന്ത കൂടുതൽ സജീവമാകും എന്ന പ്രതീക്ഷയും കർഷകർക്കുണ്ട്. പാലത്തിന്റെ പണികൾക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഒരുനൂറ്റാണ്ടിന്റെ കഥ പറയുന്ന താഴത്ത് ചന്തയിൽ 15-ന് കാർഷിക വിപണി ആരംഭിക്കും.