മല്ലപ്പള്ളി : വിണ്ടുകീറിയ ഭിത്തികളുമായി വീടുകൾ, ഇടിഞ്ഞുവീണ കിണറുകൾ, ഭീതിയുടെ പിടിയിലമർന്ന് പുറത്തേക്കിറങ്ങാൻപോലും മടിച്ചുനിൽക്കുന്ന കുട്ടികൾ. ഇത് വായ്പൂര് തേക്കുംപ്ലാക്കൽ ടി.എം.ഗ്രാനൈറ്റ് പാറമടയുടെ പരിസരം. ബുധനാഴ്ച വൈകീട്ട് 5.24-ന് നടന്ന സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്ന് മോചിതരല്ല മുതിർന്നവർപോലും. ഒരു ദിവസം പിന്നിട്ടിട്ടും നാട് കുലുക്കിയ പൊട്ടിത്തെറിയുടെ നടുക്കത്തിലാണവർ.

പാറപൊട്ടുന്നശബ്ദം ഒരു ശീലമായവരാണ് ഉപ്പമാക്കൽ കോളനിയിലെയും കുഴിക്കാട്ടെയും പേഴത്തിനാമണ്ണിലെയും പാലയ്ക്കലെയും ചെറുകോപ്പതാലിലെയും കുമാരമംഗലത്തെയും സാധാരണക്കാർ. വഴികൾ നിറഞ്ഞ് പാഞ്ഞുപോകുന്ന കൂറ്റൻ ലോറികൾക്കെതിരേയോ ഇവയുടെ ഓട്ടത്തിൽ പൂട്ടിയിട്ട പാടംപോലെയായ പാതകളെക്കുറിച്ചോ കാര്യമായ പരാതി ഉയർത്താത്തവർ. തിരക്കിട്ടവരുന്ന ലോറികളെ ഭയന്ന് മിഠായി വാങ്ങാൻപോലും കുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെങ്കിലും ഒരിക്കലും ഇതൊരു വിഷയമായി ഉയർത്താത്തവർ. പക്ഷേ അവർക്ക് സഹിക്കാവുന്നതിന്റെ പരിധിക്കുമപ്പുറത്തായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം. പലപ്പോഴായി പൊട്ടിക്കാൻ കരുതിവച്ചവയെല്ലാം ഒന്നിച്ച് കത്തിയപ്പോൾ തേക്കുംപ്ലാക്കലുള്ളത് അപകടത്തിന്റെ മല തന്നെയെന്ന് തിരിച്ചറിയുകയായിരുന്നു. സുരക്ഷിതമായി കൈകാര്യംചെയ്യേണ്ട സ്‌ഫോടകവസ്തുക്കൾ അലക്ഷ്യമായി വാരി വലിച്ചിട്ടിരിക്കുന്നത് അപകടസ്ഥലത്തേക്ക് ഓടിയെത്തിയവർ കണ്ടു. ജീവന് തെല്ലും വിലയില്ലെന്നും ജെല്ലും ഇലക്ട്രിക് ഡിറ്റനേറ്ററുമടക്കമുള്ളവ പക്വതയില്ലാത്ത കരങ്ങളിലാണെന്നതും അവർ അറിഞ്ഞു. നിയമപരമായി അനുവദിക്കാത്ത വസ്തുക്കൾ കൂറ്റൻ സ്ഫോടനത്തിനായി ഉപയോഗിക്കുന്നത് ഒരു ഉരുൾപൊട്ടലിന് വരെ വഴിവച്ചേക്കാമെന്ന് മനസ്സിലാക്കി. പാറമട അങ്ങനെ ഒരു പേടിസ്വപ്നമായി മാറി. പോലീസും പഞ്ചായത്തും ജിയോളജിയും റവന്യൂവും അടക്കമുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥർ വല്ലപ്പോഴുമെങ്കിലും ഇവിടെ എത്തിനോക്കി മടങ്ങുന്നത് ചട്ടങ്ങൾ ലംഘിക്കുന്നോയെന്ന് നോക്കാനായിരുന്നില്ല. ആയിരുന്നെങ്കിൽ ഇത്തരമൊരു സ്ഫോടനം ഇവിടെ നടക്കുമായിരുന്നില്ല- പ്രദേശവാസികൾ തീർത്തുപറയുന്നു. എങ്കിലും അധികൃതർ കണ്ണുതുറക്കുമെന്ന് പ്രതീക്ഷയിലാണവർ. ജനപ്രതിനിധികൾ കൂടെയുണ്ടാകുമെന്ന വിശ്വാസത്തിലുമാണ്.

ചെളിക്കുഴിയായി റോഡ്

പാറമട കോട്ടാങ്ങൽ രണ്ടാംവാർഡിലെങ്കിലും ഗതാഗതമെല്ലാം കോട്ടാങ്ങൽ പഞ്ചായത്തിലൂടെയാണ്.

ടോറസ് ലോറികളുടെ നിരന്തരമായ ഓട്ടത്തിൽ തകർന്നടിഞ്ഞ് കിടക്കുകയാണ് ഇവിടത്തെ റോഡുകൾ. കുളങ്ങരക്കാവ് മുതൽ തെക്കുംപ്ലാക്കൽ വരെയുള്ള റോഡ് ചെളിനിറഞ്ഞ് നടക്കാൻപോലും പറ്റാത്തനിലയിലാണ്. ഇരുചക്രവാഹനങ്ങളിൽ പോകുമ്പോൾ ശ്രദ്ധയൊന്നുപാളിയാൽ വീഴ്ചയുറപ്പ്. സാധാരണ റോഡുകളുടെ ടാർ ഉപരിതലമാണ് തിരക്കേറിയ ഈ പാതയിലും നൽകിയിരിക്കുന്നത്. 50 ടൺ വരെയുള്ള ഭാരവണ്ടികൾ കടന്നുപോകാൻ ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്യേണ്ടതുണ്ട്. അതിന് ഇതുവരെ നീക്കമില്ല. റോഡ് കുഴിഞ്ഞ് വെള്ളം കെട്ടുമ്പോൾ പാറമടയിലെ കുറെ മക്ക് കൊണ്ടിറക്കും. അതാണ് ആകെക്കൂടെയുള്ള അറ്റകുറ്റപ്പണി.