മല്ലപ്പള്ളി : കനത്ത മഴയിൽ തോടുകൾ കരകവിഞ്ഞു. തീരങ്ങൾ തകർന്നു. പലയിടത്തും റോഡിൽ വെള്ളം കയറി. പെരുമ്പെട്ടി-ചുങ്കപ്പാറ റോഡ് വശത്ത് വലിയതോടിന്റെ തീരമിടിഞ്ഞ് ഒഴുകിപ്പോയി. ചാമക്കാലായിൽ ത്രേസ്യാമ്മയുടെ വീടിനോട് ചേർന്ന ഭാഗമാണ് വീണത്. സമീപത്തുള്ള കിണറും അപകടത്തിലാവാൻ ഇടയുണ്ട്.

റോഡിലെ കോൺക്രീറ്റ് നടപ്പാതവരെ തോട് എടുത്തു. കപ്പ, വാഴ എന്നിവയ്ക്ക് നാശമുണ്ടായി. കോട്ടാങ്ങൽ പത്താം വാർഡിൽ മാരംകുളം പുലിയുറുമ്പിൽ പി.കെ.ദാമോദരന്റെ വീടിന്റെ മുൻവശത്തെ മുറ്റത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഇവിടെയും കൃഷിനാശമുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെണ്ണിക്കുളം വലിയതോട് നിറഞ്ഞുകവിഞ്ഞ് തടിയൂർ റോഡിൽ കുറേനേരം ഗതാഗതം തടസ്സപ്പെട്ടു. ആനിക്കാട് കാരിമാരൻ തോട്ടിൽ മടവീണു.