മല്ലപ്പള്ളി : വ്യാപാരസ്ഥാപനങ്ങളിലെ കോവിഡ് ചട്ടലംഘനം തടയാനും രോഗവ്യാപന പ്രതിരോധ നടപടികൾ സ്വീകരിക്കാനും മല്ലപ്പള്ളി തഹസിൽദാരുടെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന നടത്തി. 12 വ്യാപാര സ്ഥാപനങ്ങൾ നോട്ടീസ് നൽകി അടപ്പിച്ചു.

75 വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു. വിവിധ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളിൽ സാനിറ്റൈസർ ഉണ്ടെന്ന് ഉറപ്പാക്കി.

കട ഉടമകളും ജീവനക്കാരും മുഴുവൻ സമയവും മാസ്ക് ധരിക്കണമെന്നും സ്ഥാപനങ്ങളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ഉണ്ടാകണമെന്നും നിർദേശിച്ചു. നിശ്ചയിക്കപ്പെട്ടതിലും കൂടുതൽ ആളുകളെ കടയ്ക്കുള്ളിൽ പ്രവേശിപ്പിക്കാതെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കുകയും വേണം.