മല്ലപ്പള്ളി : തുടരുന്ന മഴ മണിമലയാറിന്റെ തീരങ്ങളിൽ പ്രളയത്തിന്റെ ആശങ്ക പരത്തുന്നു. ദുരിതവും ക്യാംപിലേക്കുള്ള മാറ്റവും പിന്നെ പുനരധിവാസവും എല്ലാ വർഷവും ആവർത്തിക്കാൻ വിധിക്കപ്പെട്ടവർ ഭീതിയിലാണ്.

ആശ്രയം വാഴപ്പിണ്ടിച്ചങ്ങാടം

വെണ്ണിക്കുളം ഇടത്തറ കോളനിയിലും കീഴ്വായ്പൂര് മടുക്കമണ്ണിലും അടക്കം താലൂക്കിലെ പലപ്രദേശങ്ങളും സ്ഥിരമായി വെള്ളപ്പൊക്കഭീഷണിയിൽ കഴിയുന്നവയാണ്. വർഷത്തിൽ മൂന്നുതവണയെങ്കിലും ഇവിടെനിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാറുണ്ട്. ഇവർക്ക് പുതിയ ഇടം നൽകുകയോ അല്ലെങ്കിൽ അടിയന്തരഘട്ടങ്ങളിൽ മാറ്റുന്നതിന് റബ്ബർ ബോട്ടുകൾ പഞ്ചായത്ത് തലത്തിൽ വാങ്ങിവെയ്ക്കുകയോ വേണം. താലൂക്കുല ദുരന്തനിവാരണ സമിതിയോഗത്തിൽ ഇക്കാര്യം തീരുമാനമായെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല. വെള്ളം പൊങ്ങിയാൽ ഇപ്പോഴും വാഴപ്പിണ്ടിച്ചങ്ങാടം തന്നെയാണ് ആശ്രയത്തിനുണ്ടാവുക.

കോവിഡ്‌ സെന്ററായി

പ്രളയദുരിതത്തിൽപ്പെട്ടവരെ മാറ്റി താമസിപ്പിക്കാൻ മുൻപ് ക്യാമ്പുകൾ നടത്തിയിരുന്ന കീഴ്വായ്പൂര് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങൾ കോവിഡ് താത്‌കാലിക ആശുപത്രിയായി മാറിയിരിക്കയാണ്. അതിനാൽ വെള്ളപൊക്കത്തിൽ പെടുന്നവർക്കായി പുതിയ താവളം ഒരുക്കേണ്ടതുണ്ട്. എഴുമറ്റൂർ കാരമല, കോട്ടാങ്ങൽ തുടങ്ങിയ പ്രദേശങ്ങളിൽ മലയിടിച്ചിലിന് സാധ്യതയുണ്ട്. ഇവിടങ്ങളിൽ മഴക്കാല പരിശോധന നടത്തണം.

മല്ലപ്പള്ളി പഞ്ചായത്തിൽ പുന്നമറ്റം, പരിയാരം ആനക്കുഴി, മഞ്ഞത്താനം, കീഴ്വായ്പൂര് പറകാട്ട്പടി, മടുക്കമൺ, കോട്ടാങ്ങൽ പഞ്ചായത്തിൽ ചക്കാലക്കുന്ന്, കുളത്തൂർമുഴി, പാപ്പനാട്ട് പടി, തൂക്കുപാലം വായ്പൂര് പാലക്കൽ, കല്ലൂപ്പാറ പഞ്ചായത്തിൽ മണിമലയാറിനോട് ചേർന്ന മിക്ക ഭാഗങ്ങളും കണിയാൻമൂല- കുറഞ്ഞുക്കടവ്-കോമളം റോഡും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ പരുത്തിപ്പാലത്തും പടുതോടും വെള്ളം കയറാറുണ്ട്. അതോടെ കീഴ്വായ്പൂര് കോവിഡ് താത്കാലിക ആശുപത്രിയിലെത്താൻ മല്ലപ്പള്ളിയിൽനിന്ന് പവ്വത്തിപ്പടിവഴി എത്തേണ്ടിവരും.

പമ്പാനദിയിൽ ജലനിരപ്പുയർന്നു

റാന്നി : കനത്തമഴയിൽ പമ്പാനദിയിൽ ജലനിരപ്പുയർന്നത് നദീതീരപ്രദേശങ്ങളിലുള്ളവരെ ആശങ്കയിലാക്കി. കുരുമ്പൻമൂഴി കോസ്‌േവയിൽ വെള്ളം കയറി. കനത്ത മഴ രാത്രിയിലും തുടർന്നാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. പെരുന്തേനരുവി ഡാമിന്റെ തടയണ കവിഞ്ഞ് വെള്ളമൊഴുകുകയാണ്. നദീതീരത്തെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിലാകും.