മല്ലപ്പള്ളി : വൈദ്യുതിലൈനിൽ പണി ചെയ്യാൻ കയറിയ തൊഴിലാളി ഷോക്കേറ്റ് താഴെ വീണു. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം, കല്ലമ്പലം മാവിൻമൂട് പുത്തൻവിള വീട്ടിൽ നിജിത്തിനെ(33) കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴ്‌വായ്പൂര് സ്റ്റോർമുക്കിന്‌ സമീപം തിങ്കളാഴ്ച രണ്ടുമണിയോടെയാണ് അപകടം.

പോസ്റ്റിന് മുകളിൽ കയറി അറ്റകുറ്റപ്പണി നടത്തുമ്പോൾ വൈദ്യുതാഘാതമേറ്റ് തീപ്പൊരി ചിതറി വസ്ത്രത്തിന് തീപിടിച്ചു. താഴെ മതിലിലേക്കും അവിടെനിന്ന് വീടിന്റെ മുറ്റത്തേക്കും തെറിച്ചുവീണു. മല്ലപ്പള്ളിയിലും തിരുവല്ലയിലുമുള്ള ആശുപത്രിയിലെത്തിച്ചശേഷമാണ് കോട്ടയത്തിന് കൊണ്ടുപോയത്. മല്ലപ്പള്ളി-വെണ്ണിക്കുളം റൂട്ടിൽ നെയ്തേലിപ്പടി വരെ അടുത്തിടെ ഏരിയൽ ബെഞ്ച് കേബിൾ സ്ഥാപിച്ചിരുന്നു. കരാർ എടുത്ത സ്വകാര്യ കമ്പനിയുടെ തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. അറ്റകുറ്റപ്പണിക്കായി മല്ലപ്പള്ളി സബ്‌സ്റ്റേഷനിൽനിന്ന് വെണ്ണിക്കുളം ഭാഗത്തേക്കുള്ള ലൈനിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. എന്നാൽ വെണ്ണിക്കുളത്തുനിന്നുള്ള ലൈൻ ഓഫാക്കാതെ പോസ്റ്റിൽ കയറിയതാണ് അപകടകാരണമെന്ന് മല്ലപ്പള്ളി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എം.കെ.പ്രസീദ പറഞ്ഞു.

വെണ്ണിക്കുളം സെക്ഷന്റെ ചുമതലയിലാണ് പ്രവൃത്തി നടന്നിരുന്നത്. കെ.എസ്.ഇ.ബി. പത്തനംതിട്ട ഡിവിഷൻ സുരക്ഷാ ഓഫീസർ വിനു ശങ്കറിന്റെ നേതൃത്വത്തിൽ ലൈനിൽ പരിശോധന നടത്തിയശേഷം വൈകുന്നേരം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.