മല്ലപ്പള്ളി : ടെലിവിഷൻ, വൈ.ഫൈ., പൈപ്പുകളിലൂടെ ചൂട്, തണുപ്പ് വെള്ളം, ഓട്ടോമാറ്റിക് വാഷിങ് മെഷീൻ... കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി (സി.എഫ്.എൽ.ടി.സി.) ക്രമീകരിക്കുന്ന കീഴ്വായ്പൂര് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കുന്ന സൗകര്യങ്ങളിൽ ചിലതാണ്.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ബ്ലോക്ക് റിസോഴ്‌സ് സെന്റർ, ലൈബ്രറി, നഴ്‌സറി, പ്രീമെട്രിക് ഹോസ്റ്റൽ എന്നീ കെട്ടിടങ്ങളാണ് 100 കിടക്കകളുള്ള സി.എഫ്.എൽ.ടി.സി. ആയി മാറ്റിയെടുക്കുന്നത്.

ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള മുറി, പരിശോധനാമുറി, കിടക്കകൾ, ഓഫീസ്, ഫാർമസി, സ്റ്റോർ, ജീവനക്കാരുടെ വിശ്രമമുറി, അടുക്കള, ശുചിമുറികൾ, ജീവനക്കാരെ അണുവിമുക്തമാക്കി പുറത്തെത്തിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാമുണ്ടാകും.

മാലിന്യസംസ്‌കരണത്തിന്‌ ഇൻസിനറേറ്റർ സ്ഥാപിക്കും. ജൈവമാലിന്യം സംസ്‌കരിക്കാൻ പ്രത്യേക സംവിധാനം തയ്യാറാക്കി. സ്‌കൂൾ മുറികളിലെല്ലാം ഫാനുകളും ലൈറ്റുകളും സ്ഥാപിച്ചു. പരിസരത്തെ കാട്‌ തെളിച്ച് മുറ്റവും പരിസരവും മനോഹരമാക്കി. നിലവിലുള്ള മൂന്ന് വഴികൾക്ക് പുറമെ രോഗികളുമായി നേരിട്ട് സമ്പർക്കമുണ്ടാകാതിരിക്കാൻ ജീവനക്കാർക്കായി പുതിയ റോഡ് നിർമിച്ചു. കുടിവെള്ളത്തിനും വൈദ്യുതിക്കും തടസ്സം നേരിടാതിരിക്കാൻ ബദൽ സംവിധാനവും ഒരുക്കി.

രോഗികൾക്ക് നിർദേശം നൽകുന്നതിന് ഉച്ചഭാഷിണിയും, മാനസിക ആരോഗ്യത്തിന് കൗൺസലിങ്ങും ഒരുക്കുന്നുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ പറഞ്ഞു.

നിലവിൽ പ്രവർത്തിക്കുന്ന മൂന്ന് കോവിഡ് നിരീക്ഷണകേന്ദ്രങ്ങൾക്ക് പുറമെയാണിതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയ്, പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ എന്നിവർ പറഞ്ഞു. ജനപ്രതിനിധികളും ജീവനക്കാരും പൊതുപ്രവർത്തകരും സജീവമായി രംഗത്തുണ്ട്.