മല്ലപ്പള്ളി : ഞായറാഴ്ചകളിൽ മല്ലപ്പള്ളി ടൗണിലെ കടകൾ തുറക്കേണ്ടെന്ന തീരുമാനം വിവാദത്തിലേക്ക്. വ്യാപാരിവ്യവസായി ഏകോപന സമിതിയാണ് ഇത്തരമൊരു നിർദേശം നൽകിയത്. കോവിഡ് പ്രതിരോധ ഭാഗമായാണിതെന്നും കണ്ടെയ്‌ൻമെൻറ് സോണുകളിൽ കടകൾ ഇല്ലാത്തതിനാൽ അവിടെനിന്നുള്ള ഇടപാടുകാർ ഇവിടേക്ക് എത്തുന്നത് തടയുകയാണ് ഉദ്ദേശമെന്നും സമിതി പ്രസിഡന്റ് തോമസ് കുട്ടി പറയുന്നു.

എന്നാൽ ഒരു ദിവസംമാത്രം അടച്ചതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഒരു വിഭാഗം വ്യാപാരികൾ ചോദിക്കുന്നു. അവധി ദിവസമായ ഞായറാഴ്ചയാണ് തൊഴിലാളികളും മറ്റും സാധനങ്ങൾ വാങ്ങാനെത്തുക. അവർക്ക് ബുദ്ധിമുട്ടാവുകയാണ് ഈ തീരുമാനം.