മല്ലപ്പള്ളി : കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ കുന്നന്താനത്ത് തുറന്നു. പാമല കിൻഫ്രയിലുള്ള അസാപ്പ് സെന്ററിലാണ് 100 കിടക്കകളുള്ള പ്രാഥമികാരോഗ്യകേന്ദ്രം ഒരുങ്ങുന്നത്. മൂന്ന് വലിയ ഹാളുകളിലായി 70 കിടക്കകൾ സജ്ജമായി.

പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ കണ്ടെൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു.

രണ്ടു പേരുടെയും സമ്പർക്കപ്പട്ടിക വിപുലമാണ് എന്ന് മനസ്സിലാക്കിയപ്പോൾ കളക്ടറുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പു തന്നെ ഡോ. രശ്മി ആർ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജഹാൻ,സജീവ് എന്നിവരോടൊപ്പം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും ഒന്നിച്ച് ഭവന സന്ദർശനം നടത്തി.ജനപ്രതിനിധികൾ കൺവീനർമാരായി അൻപതോളം വൊളൻറിയർമാർ 17 സ്ക്വാഡുകളായി തിരിഞ്ഞ് പ്രൈമറി, സെക്കൻഡറി മേഖലകളിലെ സമ്പർക്കപ്പട്ടിക വളരെ വേഗത്തിൽ ക്രമീകരിച്ചു.

സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ദൂരസ്ഥലത്ത് ജോലിക്ക് പോയവരെയടക്കം വീട്ടിൽ തിരികെ എത്തിച്ചു.

രണ്ടു വാർഡുകൾ ബന്തവസ്സാക്കി പോലീസ് പിക്കറ്റും ഏർപ്പെടുത്തി. ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ട മകളടക്കമുള്ളവർക്ക് കോവിഡ് ഇല്ലെന്നത് ആശ്വാസമായി.

രണ്ടാമത്തെ രോഗിയുടെ കുടുംബാംഗങ്ങൾക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അവരുടെ താമസസ്ഥലം പതിനാലാം വാർഡ് ആയതിനാൽ അവിടെയും ജാഗ്രത വർധിപ്പിച്ചു.

പായിപ്പാട് മത്സ്യക്കച്ചവടക്കാർക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവരുടെ സമ്പർക്കത്തിലുള്ള രണ്ടു പേർ പഞ്ചായത്തിലാണ് എന്നുള്ളത് ചില പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും അതിൽനിന്നും കരകയറുമെന്ന പ്രതീക്ഷയിലാണ് ഗ്രാമപ്പഞ്ചായത്ത് നേതൃത്വം.

എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.എൻ. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തൽ യോഗം ചേരും.