മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കുതല ഓൺലൈൻ അദാലത്ത് ശനിയാഴ്ച രാവിലെ 10-ന് തുടങ്ങും. ജില്ലാ കളക്ടർ പി.ബി.നൂഹ് കളക്ടറേറ്റിൽനിന്നു വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.

അക്ഷയകേന്ദ്രങ്ങൾ മുഖേനയാണ് പരാതികൾ കേൾക്കുക. 32 പേർ പരാതി നൽകിയതായി അധികൃതർ അറിയിച്ചു. ഇതിൽ 16 പേരും മല്ലപ്പള്ളി അക്ഷയകേന്ദ്രത്തിലാണ് രജിസ്റ്റർ ചെയ്തത്. ഓരോ പരാതിക്കാരനും അദാലത്തിൽ അഞ്ച് മിനിറ്റാണ് അനുവദിക്കുക. ഇതിനായുള്ള ഊഴം അക്ഷയ കേന്ദ്രത്തിൽനിന്ന് അറിയിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരൻ എത്താൻ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ ഓഫീസുകളിൽനിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ നിർദേശങ്ങളും പാലിച്ചായിരിക്കും അദാലത്ത് നടത്തുക.

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജന പരാതിപരിഹാര അദാലത്തുകൾ ഓൺലൈനിൽ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.