മല്ലപ്പള്ളി : കുന്നന്താനം മുക്കൂർ വടവനയിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്നവർ താമസിച്ചിരുന്ന വീട്ടിലെ കിണറ്റിൽ ചത്തപൂച്ചയെ കണ്ടെത്തി.

കഴുത്തിൽ കയർമുറുക്കി കൊന്ന നിലയിലായിരുന്നു.

ബെംഗളൂരുവിൽനിന്നെത്തിയ കുടുംബമാണ് ജൂലായ് നാലുമുതൽ ഇവിടെയുണ്ടായിരുന്നത്. ഒഴിഞ്ഞുകിടന്ന വീട്, ഇവർ എത്തുന്നതിന് മുന്നോടിയായി വൃത്തിയാക്കാൻ ബന്ധുക്കൾ ചെന്നപ്പോൾ ചിലർ പ്രതിഷേധിച്ചിരുന്നു. ക്വാറന്റീൻകാർ ഇവിടേക്ക്‌ വരേണ്ടെന്ന് പറഞ്ഞായിരുന്നു എതിർപ്പ്.

കല്ലൂപ്പാറ പഞ്ചായത്തിലെ സ്വന്തം വീട്ടിൽ പ്രായമുള്ളവരുള്ളതിനാലാണ് ആളൊഴിഞ്ഞുകിടന്ന വീട് ഉപയോഗിക്കുന്നതെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. പൂച്ച ചത്തുകിടന്നതിനാൽ കിണർവെള്ളം ഉപയോഗിക്കാൻ പറ്റാതായതോടെ, യുവാവും ഭാര്യയും ഒരുവയസ്സായ കുഞ്ഞും അടങ്ങുന്ന കുടുംബം കല്ലൂപ്പാറയിലേക്ക് മാറി. ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകി.