മല്ലപ്പള്ളി: കോട്ടാങ്ങൽ ഭദ്രകാളിക്ഷേത്രത്തിൽ കുളത്തൂർ കരയുടെ വലിയ പടയണി തിങ്കളാഴ്ച നടക്കും. വൈകീട്ട് 4-ന് കുളത്തൂർ ദേവീക്ഷേത്രം, വെള്ളാവൂർ എസ്.എൻ.യു.പി.സ്കൂൾ എന്നിവിടങ്ങളിൽനിന്ന്‌ തുടങ്ങുന്ന ഘോഷയാത്രകൾ പുത്തൂർ കടവിൽ സംഗമിച്ച്‌ ക്ഷേത്രത്തിൽ എത്തും. തുടർന്ന് രാത്രി 8-ന് തിരുമുൻപിൽ വേല നടക്കും.

രാത്രി പന്ത്രണ്ടര മണിയോടെ വലിയ പടയണി ചടങ്ങുകൾ ആരംഭിക്കും. ദേവിയുടെ രൂപം അനുസ്മരിപ്പിച്ച്‌ 101 പാള ഭൈരവി കോലം കളത്തിലെത്തും. യക്ഷി, അരക്കിയക്ഷി, പക്ഷി, മറുത, കൂട്ടമറുതവിനോദവും ഊഴമിട്ട് അവതരിപ്പിക്കും.

മഹാമൃത്യുഞ്ജയഹോമത്തിനു തുല്യമായ കാലൻകോലം പുലർച്ചെ നാലുമണിയോടെ കളത്തിൽ എത്തുന്നു. കുളത്തൂർ കരയുടെ വലിയ പടയണി ചടങ്ങുകൾ തീരുന്നതോടെ കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുന്നു. ഞായറാഴ്ച കോട്ടാങ്ങൽ കരയുടെ അടവി അരങ്ങേറി.

Content Highlights: Padayani