മലയാലപ്പുഴ : മുക്കുപണ്ടംെവച്ച് സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽനിന്ന്‌ വായ്പ എടുത്തതിന് മൂന്നുപേരെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി, ചെറുതോണി, കുന്നത്തുവീട്ടിൽ അഖിൽ ബിനു (19), ഉടുമ്പന്നൂർ വില്ലേജിൽ ചീനിക്കുഴി, ഇഞ്ചപ്പള്ളിൽ ബിനു (45), മണിയാൻകുടി, മുണ്ടപലാക്കൽ വീട്ടിൽ സാബു (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പോലീസ് പറഞ്ഞതിങ്ങനെ വടശ്ശേരിക്കര മനോരമ ജങ്‌ഷനിൽ ഉള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജൂൺ 15 മുതൽ 26വരെ മുക്കുപണ്ടം പണയം വെച്ച് ഇവർ രണ്ട് ലക്ഷത്തി പതിനായിരം രൂപ എടുത്തു. സ്വർണം വിശദമായി പരശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് ധനകാര്യ സ്ഥാപന ഉടമയ്ക്ക് മനസ്സിലായി. വീണ്ടും പണയം െവയ്ക്കാനായി അഖിൽ ബിനു ഫോണിൽ ധനകാര്യ സ്ഥാപനത്തിൽ ബന്ധപ്പെട്ടശേഷം എത്തി. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിൽ മറ്റുരണ്ടുപേരുടെ പങ്കും തെളിയുകയായിരുന്നു. സാബു കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറാണെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇൻസ്‌പെക്ടർ പി.ബിനുകുമാർ, എസ്.ഐ രാജേന്ദ്രൻ, സി. പി.ഒ. മാരായ ബിനുലാൽ, ഉമേഷ്,വിജേഷ്, നാസർ എന്നിവർ അടങ്ങിയവരായിരുന്നു അന്വേഷണസംഘം.