മലയാലപ്പുഴ: ദേവീക്ഷേത്രത്തിലെ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് 2002 മാർച്ച് 14-ന് ഉണ്ടായ വെടിവെയ്‌പിലും ദേവസ്വം കമ്മിഷണർ സി.പി.നായരെയും മറ്റ് ഉദ്യോഗസ്ഥരെയും ഊട്ടുപുരയിൽ പൂട്ടിയിട്ട കേസിലും പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി വ്യാഴാഴ്ച വിധിപറയും.
2002 മാർച്ച് 31മുതൽ മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ശതകോടി അർച്ചന നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. 14-ന് മലയാലപ്പുഴയിലെത്തിയ ദേവസ്വം കമ്മിഷണർ ഊട്ടുപുരയിൽ ക്ഷേത്രോപദേശക സമിതി ഭാരവാഹികളുടെയും ജീവനക്കാരുടെയും യോഗം വിളിച്ചുകൂട്ടി ശതകോടി അർച്ചന മലയാലപ്പുഴയിൽ നടത്താൻ കഴിയില്ലെന്നറിയിച്ചു. മറ്റൊരു സ്ഥലത്തേക്കു മാറ്റുകയാണെന്നും പറഞ്ഞു. വിവരം അറിഞ്ഞ വിശ്വാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി കമ്മിഷണറെയും ദേവസ്വം ജീവനക്കാരെയും ഊട്ടുപുരയിൽ പൂട്ടിയിട്ടു.
ക്ഷേത്ര പരിസരത്ത് സംഘർഷാവസ്ഥയുണ്ടായി. വാഹനങ്ങൾ തകർത്തു. പത്തനംതിട്ടയിൽനിന്നെത്തിയ പോലീസ് സംഘർഷാവസ്ഥ നിയന്ത്രിക്കാൻ വെടിവയ്പ് നടത്തി. സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
140 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണ വേളയിൽ 35 പ്രതികളെ തിരിച്ചറിഞ്ഞു.