പന്തളം: ശബരിമല തീർഥാടനത്തിന്റെ ഭാഗമായി പന്തളത്ത് ഒരുക്കങ്ങൾ തുടങ്ങി. ദേവസ്വം ബോർഡിന്റെ പണികളാണ് ക്ഷേത്രത്തിനുസമീപം തുടങ്ങിയത്. ശൗചാലയം ടൈൽസ് പാകിയും പുതിയ ക്ലോസറ്റ് വെച്ചും പൈപ്പുകളും സ്ലാബും മാറിയും വൃത്തിയാക്കും.
വിരിവെയ്ക്കുവാനുള്ള രണ്ട് വിശ്രമമന്ദിരങ്ങൾ പെയിന്റടിച്ച് വൃത്തിയാക്കും. അന്നദാന പന്തലിനോട് ചേർന്ന് അടുക്കളയും തിടപ്പള്ളിയിലെ മലിനജലം ഒഴുക്കി കളയാൻ ടാങ്കും പണിയും. പുതിയ കെട്ടിട സമുച്ചയത്തിന്റെ പണി വേഗത്തിൽ നടന്നു വരികയാണ്. എന്നാൽ ഈ വർഷം ഇത് ഭാഗികമായെങ്കിലും തുറന്നുകൊടുക്കുവാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഭിത്തിയുടെ തേപ്പ്, തറയുടെ പണി എന്നിവ ഇനിയും പൂർത്തിയാവേണ്ടതുണ്ട്. പാർക്കിങ്ങിനായി താഴത്തെ നില സജ്ജമാക്കാനാണ് തീരുമാനം.
വെള്ളപ്പൊക്കത്തിൽ തകർന്നുപോയ കുളിക്കടവിനോടു ചേർന്ന ഭാഗം ഇതുവരെ നന്നാക്കിയിട്ടില്ല. ജലസേചനവകുപ്പിനാണ് ഇതിന്റെ ചുമതലയെന്ന് ദേവസ്വം ബോർഡ് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ മനോജ് കുമാർ പറഞ്ഞു. അപകടം ഉണ്ടാകാതിരിക്കാൻ ഇടിഞ്ഞഭാഗത്ത് ബാരിക്കേഡുപയോഗിച്ച് കെട്ടി അടച്ചിരിക്കുകയാണ്.
അയ്യപ്പാസേവാസംഘത്തിന്റെ കീഴിലുള്ള മണികണ്ഠനാൽത്തറ ക്ഷേത്രത്തിലും തീർഥാടകരെ വരവേൽക്കുവാനുള്ള ഒരുക്കങ്ങൾ തുടങ്ങി. പെയിന്റിങ്, പന്തൽ, അന്നദാനത്തിനുള്ള ഒരുക്കങ്ങൾ എന്നിവയാണ് ഇവിടെ നടന്നുവരുന്നത്. നട തുറക്കുമ്പോൾ മുതൽ ധനുമാസം 27 വരെ ഇവിടെ അന്നദാനം ഉണ്ടാകും. നഗരസഭയിൽ മണ്ഡലകാല ജോലികൾക്കുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നു.
നട തുറക്കുംമുമ്പ് പണികൾ പൂർത്തിയാക്കും
ശബരിമല നട തുറക്കും മുമ്പ് പന്തളത്തെ പുനരുദ്ധാരണപ്പണികൾ പൂർത്തിയാക്കും. പുതിയതായി പണിയുന്ന കെട്ടിടത്തിന്റെ താഴത്തെനില പാർക്കിങ്ങിനായി തുറന്നുകൊടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കും
-ഉപ്പിലി അപ്പൻ, എക്സിക്യുട്ടീവ് എൻജിനീയർ, ദേവസ്വംബോർഡ്.