കോഴഞ്ചേരി: പ്രളയം ദുരിതത്തിലാക്കിയ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് പുനർജന്മം. ഓഫീസ് നവീകരണം പൂർത്തീകരിച്ചതോടെ പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഏറെ ആശ്വാസമായി. പ്രളയജലത്തിൽ ഓഫീസ് കെട്ടിടം പൂർണമായി മുങ്ങിയിരുന്നു. സകല രേഖകളും ഓഫീസ് ഉപകരണങ്ങളും നഷ്ടപ്പെട്ടു. കംപ്യൂട്ടറിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ മാത്രമാണ് നിലവിലുള്ളത്.

തിരുവല്ല-കുമ്പഴ സംസ്ഥാനപാതയോരത്ത് മൂന്ന് നിലകളിലുള്ള കെട്ടിടത്തിലാണ് ഓഫീസിന്റെ പ്രവർത്തനം. പമ്പാനദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് അഞ്ച് ദിവസത്തോളം കെട്ടിടത്തിന്റെ ഭൂരിഭാഗം സ്ഥലവും വെള്ളത്തിനടിയിലായിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ ചെളി നിറഞ്ഞ അവസ്ഥയിലുമായിരുന്നു. ജെ.സി.ബി., ടിപ്പർ ലോറി എന്നിവയുടെ സഹായത്തോടെ ആഴ്ചകളോളം പണിപ്പെട്ടാണ് ഇവിടത്തെ ചെളി നീക്കം ചെയ്തത്. പ്രളയശേഷം കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഹാളിലായിരുന്നു ഓഫീസിന്റെ പ്രവർത്തനം. 13 വാർഡുകളുള്ള പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തിയിരുന്ന വയോധികർ ഉൾപ്പടെയുള്ളവർ പടികയറാൻ ഏറെ ബുദ്ധിമുട്ടി. പരസഹായത്തോടെയാണ് പലരും മുകൾനിലയിലേക്ക്‌ കയറിയിരുന്നത്. ജീവനക്കാർക്ക് ശരിയായ ഇരിപ്പിടവും ലഭ്യമായിരുന്നില്ല. ഇതും ഓഫീസിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചാണ് പെയിന്റിങ്ങും വയറിങ്ങുമൊക്കെ നടത്തിയത്. പതിമൂന്നോളം കംപ്യൂട്ടറുകൾ പുതിയതായി സ്ഥാപിച്ചു. പ്രളയം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും പഞ്ചായത്ത് കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിനായി സർക്കാരിൽ നിന്ന്‌ സാമ്പത്തികസഹായം ലഭിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.വി.ഗോപാലകൃഷ്ണൻ നായർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.കൃഷ്ണകുമാർ, അംഗം കെ.ആർ.രത്‌നകുമാരിയമ്മ, പഞ്ചായത്ത് അംഗങ്ങളായ ഷെറിൻ റോയി, ലതാ ചന്ദ്രൻ, മഞ്ജുലക്ഷ്മി, പ്രകാശ് കുമാർ, ഉഷാകുമാരി, മഞ്ജു വർഗീസ്, ജോയി പെറോൺ എന്നിവർ പ്രസംഗിച്ചു.