കോഴഞ്ചേരി : വൈറസ് ബാധയിൽ നഗരങ്ങൾക്കോരോന്നായി താഴ് വീഴുകയാണ്. നാട്ടിൻപുറവും പൂട്ടിത്തുടങ്ങി. ഒട്ടുമിക്ക പഞ്ചായത്തുകളിലും ഏതെങ്കിലുമൊക്കെ വാർഡുകളിൽ നിയന്ത്രണങ്ങളെത്തി. നഗരങ്ങളാകട്ടെ പൂർണമായോ ഭാഗികമായോ അടച്ചു. തിരുവല്ല, അടൂർ നഗരസഭ കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ടു. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരം അടച്ചിട്ട് 20ദിവസത്തോളമാകുന്നു. പന്തളത്തും റാന്നിയിലുമാകട്ടെ മിക്കയിടത്തും നിയന്ത്രണം.

ഇനി അവശേഷിക്കുന്നത് കോഴഞ്ചേരിമാത്രം. പ്രത്യേകിച്ച് ടി.കെ.റോഡിൽ തുറന്നിരിക്കുന്ന ഏക ടൗൺ. അതുകൊണ്ടുതന്നെ ഏത് സമയവും എന്തും സംഭവിക്കാം.

കച്ചവടസ്ഥാപനങ്ങളുള്ള സ്ഥലമെന്നനിലയ്ക്ക് അടച്ചിട്ട സ്ഥലങ്ങളിൽ നിന്നും വലിയതോതിൽ ആളുകളെത്തുന്നു.ഇതോടെ സാമൂഹിക അകലംവിട്ട് സമ്പർക്കത്തിലേക്ക് കോഴഞ്ചേരി മാറി. നിയന്ത്രിക്കാൻ ആളില്ല. ബോധവത്കരിക്കാനിറങ്ങിയാൽ പുറംതിരിഞ്ഞുള്ള നിൽപ്പ്.സമീപസ്ഥലത്ത് പ്രവർത്തിക്കുന്ന ഏകചന്തയെന്നനിലയ്ക്ക് വന്നുപോകുന്നത് ഒട്ടേറെ അന്യസംസ്ഥാന ചരക്ക് വാഹനങ്ങൾ. അങ്ങനെ നിലവിട്ട നിലയിലേക്ക് ഇൗ നഗരവും മാറുകയാണ്. അടിയന്തര ഇടപെടീൽ ഇല്ലെങ്കിൽ ബാരിക്കേഡുകളും അടച്ചുകെട്ടലുകളും അകലെയല്ല.

അടുത്താണ് അയിരൂരും നാരങ്ങാനവും

കോഴഞ്ചേരിയോട് ചേർന്നുകിടക്കുന്ന അയിരൂർ, നാരങ്ങാനം പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ ഇപ്പോഴും കണ്ടെയ്‌ൻമെന്റ് സോണിലാണ്.

കോഴഞ്ചേരിയിൽ എട്ട് പേർക്ക് കോവിഡ് ഫലം പോസിറ്റീവായെങ്കിലും ഇതിൽ സമ്പർക്കമില്ലാത്തത് ആശ്വാസം പകരുന്നു.

കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് കാണിച്ച അയിരൂർ സ്വദേശിയുടെ റൂട്ട് മാപ്പിൽപെട്ട രണ്ട് സ്ഥാപനങ്ങൾ കോഴഞ്ചേരിയിൽ അണുനശീകരണത്തിനായി മൂന്ന് ദിവസത്തോളം അടച്ചിട്ടിരുന്നു.

അയിരൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി ഒൻപത് പേർക്കാണ് പോസിറ്റീവായത്. കോഴഞ്ചേരി ഈസ്റ്റ് അവസാനിക്കുന്നത് നാരങ്ങാനം പഞ്ചായത്ത് അതിർത്തിയിലാണ്.

കോഴഞ്ചേരിയോട് ഏറ്റവും ചേർന്നുകിടക്കുന്ന പ്രദേശം. കണക്ക് പ്രകാരം 17 പേർക്കാണിവിടെ രോഗം.