കോഴഞ്ചേരി : ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ റോഡുവക്കിലെ മരം വീണ് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു.

കാർ യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. അയിരൂർ വെള്ളിയറ സ്വദേശി അനുരാജിനും ഭാര്യക്കും മക്കൾക്കുമാണ് പരിക്ക്.

ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി ഒമ്പതിന് ശേഷമാണ്‌ സംഭവം. ചെറുകോൽപ്പുഴ-തീയാടിക്കൽ റോഡിൽ വാളൻപാടിക്ക് സമീപമായിരുന്നു അപകടം. ചെറുകോൽപ്പുഴയിൽനിന്ന് തീയാടിക്കലേക്ക് പോകുംവഴി വീശിയടിച്ച കാറ്റിൽ മരം ഒടിഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു.

വലിയ ശബ്ദം കേട്ട്‌ നാട്ടുകാർ എത്തി കാർ യാത്രികരെ പുറത്തിറക്കി.

റാന്നിയിലെ അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുനീക്കി. അപകടത്തിലായ മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ഏറെനാൾ മുമ്പ് പരാതി നൽകിയിരുന്നു.