കോഴഞ്ചേരി : കർക്കടകം മുതൽ കന്നി വരെ പമ്പയിലെ ഓളങ്ങൾക്ക് നതോന്നതയുടെ താളമാണ്. കരയിലെ ജീവിതങ്ങളുടെ ഭാവവും അതുതന്നെ. മഹാമാരിയുടെ കാലത്തും പതിവ്‌ തെറ്റിക്കരുതേയെന്ന് പാർത്ഥസാരഥിയോട് പ്രാർത്ഥിക്കുകയാണ് ഭക്തലക്ഷങ്ങൾ. ദേശദേവനായ ആറന്മുള പാർത്ഥസാരഥി അന്നദാനപ്രഭുവെന്നാണ് വിശ്വാസം.

അതിനാൽ ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാടുകൾ അന്നദാനവുമായി ബന്ധപ്പെട്ടതാണ്. വള്ളസദ്യ, ഭജനസദ്യ, തേച്ചുകുളിസദ്യ എന്നിവയാണ് പ്രധാനം. ഇവയിൽ ഭഗവാന് ഏറെ പ്രിയങ്കരമായ വള്ളസദ്യ നടത്താൻ കഴിയുമോ എന്നതാണ് ആശങ്കയ്ക്ക് ആധാരം. കോവിഡിന്റെ പശ്ചാത്തലത്തിൽ വള്ളസദ്യയുടെ കാര്യത്തിൽ ദേവസ്വംേബാർഡുമായും ജില്ലാ ഭരണകൂടവുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ആറന്മുള പള്ളിയോടസേവാസംഘം വ്യക്തമാക്കിയിരിക്കുന്നത്. സന്താനലബ്ധി, അഭീഷ്ടകാര്യസിദ്ധി, സർപ്പദോഷപരിഹാരം എന്നിവയ്ക്കാണ് വള്ളസദ്യകൾ ഭക്തർ നടത്തുന്നത്. വള്ളസദ്യയിൽ സാക്ഷാൽ പാർത്ഥസാരഥി ഒപ്പം എത്തി ഭക്തർക്കൊപ്പം അന്നം കഴിക്കും എന്ന് വിശ്വാസം. അതിനാലാണ് വഴിപാടുകാർ ക്ഷണിച്ച് വരുന്ന കരനാഥൻമാർ സദ്യയിൽ വിഭവങ്ങൾ പാടി ചോദിക്കുന്നത്. നറുനെയ്യ് നമുക്ക് വേണ്ട വെണ്ണ തന്നെ തന്നീടേണം... തുടങ്ങി വിളിച്ച് ചോദിച്ച് വിഭവങ്ങൾ വരുത്തുന്നത് ഭഗവൽപ്രതീകമായാണ്. ഭക്തിക്കൊപ്പം ആത്മാർത്ഥതയും പാടി ചോദിക്കുന്നതിൽ കരനാഥൻമാർ കാട്ടാറുണ്ട്. അമ്മ തന്നെ ചമച്ചോരാ താളുകറി നൽകിടേണം... എന്നും ആവശ്യപ്പെടാറുണ്ട്. ചേമ്പിൻതാൾ ഭംഗിയായി കറിെവച്ചിെല്ലങ്കിൽ കഴിക്കുന്നവരുടെ തൊണ്ട ചൊറിയും എന്നതിനാൽ ഇത്തരത്തിലും വള്ളസദ്യയിൽ പാടിചോദ്യം ഉണ്ട്. ഭക്തിയുടെയും വിശ്വാസത്തിന്റെയും ആത്മാർത്ഥതയുടെയും സംഗമമാണ് ആറന്മുള വള്ളസദ്യ. പ്രളയം നാടിനെ ദുരിതത്തിലാക്കിയ 2018-ൽ ഓഗസ്റ്റ് 14 വരെ 92 വള്ളസദ്യകൾ നടന്നു. ആ വർഷം 468 വള്ളസദ്യ വഴിപാടുകൾ ഭക്തർ നേർന്നിരുെന്നങ്കിലും നദിയുടെ ഭീകരാവസ്ഥ കാരണം 200-ലധികം വഴിപാടുകൾ കഴിഞ്ഞ വർഷത്തേക്കും ഈ വർഷത്തേക്കുമായി മാറ്റിെവച്ചിരുന്നു.