കോഴഞ്ചേരി : ആറന്മുള പഴയ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ അനുബന്ധസ്ഥലങ്ങളിൽ കൃഷി ഇറക്കാൻ ആറന്മുള പാടശേഖര സമതി ഒരുക്കം തുടങ്ങി. ആറന്മുള പുഞ്ച, കൈപ്പാലച്ചാൽ, നാൽക്കാലിക്കൽ ഭാഗങ്ങളിലാണ് ഒരുപ്പൂ കൃഷി നടത്താൻ സമിതി തീരുമാനിച്ചിരിക്കുന്നത്.

200 ഏക്കറിലധികം വരുന്ന പാടശേഖരമാണ് കൃഷിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം 80 ഏക്കറോളം സ്ഥലത്ത് കൃഷി നടത്തിയിരുന്നു. കൃഷി ഭവൻ മുഖേന ലഭിക്കുന്ന ഉമ വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. സർക്കാർ സഹായത്തോടെ കഴിഞ്ഞ രണ്ട് വർഷം നടത്തിയ കൃഷിയിൽ നൂറ് മേനി വിളവ് കിട്ടിയിരുന്നു. ബാക്കി സ്ഥലത്താണ് സർക്കാരിന്റെ സമൃദ്ധം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി യുക്തമാക്കാൻ നടപടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി ആറന്മുള പുഞ്ചയിൽ എൻജിൻ തറയും സ്ഥാപിക്കും. വൈദ്യുതി ലൈൻ ഇവിടേക്ക് എത്തിക്കാനുള്ള ജോലി വൈകാതെ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി പോർട്ടബിൾ മില്ലും ഒരുക്കാൻ ആലോചിക്കുന്നുണ്ട്.

നെല്ല്, പച്ചക്കറി എന്നിവ ഒരു കുടക്കീഴിലാക്കി ആറന്മുള ബ്രാൻഡായി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. കാർഷിക ഹബ്ബ് തുടങ്ങാനം ആലോചനകളുണ്ട്. പദ്ധതിയിലേക്ക് ആവശ്യമായി ജലം എത്തിക്കാൻ കനാലുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി വ്യാപ്തി വർധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിന്റെ നടത്തിപ്പിനായി പിന്തുണയുമായി ആറന്മുള പാടശേഖര സമതി രംഗത്ത് എത്തി. സമിതിയുടെ യോഗത്തിൽ പ്രസിഡന്റ് ജി.വിജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ, വി.സുരേഷ്‌കുമാർ, കൃഷി ഓഫീസർ ദിവശ്രീ എന്നിവർ പങ്കെടുത്തു.