കോഴഞ്ചേരി : തോട്ടപ്പുഴശേരി പഞ്ചായത്തിലെ പാലയ്ക്കാട്ട് ചിറയിൽ സാമൂഹികവിരുദ്ധശല്യം തുടരുന്നു. ചിറയുടെ കിഴക്ക് ഭാഗത്തെ ഉപകനാലിന്റെ ചീപ്പ് സാമൂഹിക വിരുദ്ധർ മണ്ണു മാന്തി ഉപയോഗിച്ച് ഇളക്കിമാറ്റി. പഞ്ചായത്തിലെ പ്രധാന നെല്ലറകളിൽ ഒന്നായിരുന്ന ചിറയ്ക്ക് ഇരുവശവുമുള്ള ഏക്കർ കണക്കിന് വരുന്ന പുഞ്ചപ്പാടങ്ങൾ. ഇതിന്റെ ജലസേചന ആവശ്യത്തിനായി ചിറയിൽ ചെറുകിട ജലസേചന വകുപ്പ് ബണ്ട് നിർമിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി കൃഷി നിലച്ചതോടെ ബണ്ട് പ്രവർത്തനരഹിതമായി. ഇത് മൂലം ചെറിയ വെള്ളപ്പൊക്കത്തിൽ പോലും ചിറ റോഡിന് തെക്കുഭാഗത്ത് വെള്ളം ക്രമാതീതമായി ഉയരുകയും സമീപത്തെ വീടുകളിൽ വെള്ളം കയറുകയും പതിവായിരുന്നു. കഴിഞ്ഞ പ്രളയശേഷം പഞ്ചായത്ത് നിർദേശപ്രകാരം ഇത് പൊളിച്ചുനീക്കി ചെറുകിട ജലസേചന വകുപ്പ് പുതിയ നിർമാണത്തിനായി ടെൻഡർ ക്ഷണിച്ചു. ഇതിനൊപ്പം പുഞ്ചയുടെ കിഴക്ക് ഭാഗത്തുകൂടി പോകുന്ന ഉപകനാലിലും അഞ്ചടിയോളം വീതിയുള്ള ചീപ്പ് ജലവിതരണത്തിനായി ഉണ്ടായിരുന്നു. ഇതും പരിപാലനമില്ലാതെ പ്രവർത്തനരഹിതമായി.നിർമാണ പ്രവർത്തികൾ നടത്താതെ സ്വാഭാവിക ഉപകനാലായതിനാൽ ഇവ പുല്ലുകൾ വളർന്ന് ഒഴുക്കുനിലച്ച നിലയിലാണ്. ഈ ചീപ്പാണ് രണ്ടാഴ്ച മുമ്പ് സാമൂഹികവിരുദ്ധർ മണ്ണുമാന്തിക്ക് ഇളക്കി പുഞ്ചയിലേക്ക് തള്ളിക്കളഞ്ഞിരിക്കുന്നത്. ഇത് എങ്ങനെ ഇളക്കിമാറ്റി എന്ന കാര്യം പഞ്ചായത്തിനോ ജലസേചന വകുപ്പിനോ അറിയില്ലെന്ന് ഇവർ അറിയിച്ചു. സ്ഥിരമായി സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ് പാലയ്ക്കാട്ട് ചിറ. വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നവരാണ് റോഡരികിലെ പുല്ലുകൾ നീക്കം ചെയ്യുന്നതെന്ന രീതിയിൽ ചീപ്പ് പൊളിച്ച് നീക്കിയതെന്ന് നാട്ടുകാർ പറയുന്നു. ചെറുകിട ജലസേചന വകുപ്പ് ചിറയിലേയും ഉപകനാലിലേയും ചീപ്പുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ കൃഷി സാധ്യമാകാതെ വരുമെന്ന് കർഷകർ പറയുന്നു.