കോഴഞ്ചേരി

: കൊതിതീരുവോളം തിരുവാറന്മുളയപ്പനെ കണ്ടവരാരുമില്ല. മതിയെന്നു പറഞ്ഞ് മടങ്ങിയവരുമില്ല. തൊഴുതുമടങ്ങി പതിനെട്ടാംപടിയിറങ്ങുമ്പോഴേക്കും മനസ്സ് ആ തിരുമുറ്റത്തെ മണൽത്തരികളിലൊന്നായിമാറും. അവിടത്തെ ചിരിയിൽ തിളങ്ങുന്ന മുത്തായി എന്നും മതിലകത്തുണ്ടാകും. ഇൗ വിശ്വസമാണ് ഭക്തനെ തിരുവാറന്മുളയപ്പനിലേക്കടുപ്പിച്ചുനിർത്തുന്നത്. ഇഷ്ടദേവനെ കണ്ണുനിറയെ കാണാൻ ആയിരങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.

2018-ലെ പ്രളയത്തിൽ ദേശം മുങ്ങിയ നാളിൽ ക്ഷേത്രമതിലകത്ത് നൂറുകണക്കിന് ദേശവാസികൾ അഭയം തേടിയിരുന്നു.

കോവിഡ്‌ പടർന്നുപിടിച്ചപ്പോൾ മാർച്ച് 20-ന് ക്ഷേത്രം അടച്ചു. മഹാമാരിവ്യാപനം കനത്തതോടെ സദ്യ വഴിപാടുകൾ നിർത്തി. ചോറൂണും വിവാഹവും തുലാഭാരവും ലോക്ഡൗൺ നാളുകളിൽ സർക്കാർ മാനദണ്ഡം പാലിച്ച് നടത്താൻ കഴിഞ്ഞു. തന്ത്രി മേമന വാസുദേവൻ ഭട്ടതിരി പറഞ്ഞതനുസരിച്ച് പുലർച്ചെ മുതലുള്ള എല്ലാ പൂജകളും ലോക്ഡൗൺ കാലത്തും മുടക്കമില്ലാതെ നടത്തി. ഏകാദശി, ഉത്രട്ടാതി വാഹനം എഴുന്നള്ളിപ്പിനും മുടക്കം വന്നില്ല.

ലോക്ഡൗൺ ഇളവ് വന്ന ശേഷം ജൂൺ ആറിന് ദേവസ്വം ബോർഡ് വിശുദ്ധിദിനമായി ആചരിച്ച് ക്ഷേത്ര മതിലകത്ത് ശുദ്ധീകരണം നടത്തി. ഭക്തർക്കുള്ള നിയന്ത്രണം നിലനിൽക്കുന്നതിനാൽ ദേവസ്വം ബോർഡ് 18-ാം പടിക്ക് മുകളിൽ ജീവനക്കാരെ ഇരുത്തി വഴിപാട് രസീത് എഴുതി വഴിപാട് നൽകി ഭക്തർക്ക് നൽകുന്നത് മുടക്കമില്ലാതെ നടക്കുന്നു. പരമാവധി 20 പേരെ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങ് ഇപ്പോഴും നടത്തുന്നുണ്ട്.

ഭജനമിരിക്കുന്നവർക്ക് അന്നദാനം

അറുപതോളം പേരായിരുന്നു ലോക്ഡൗൺ വരുംവരെ ആറന്മുള ക്ഷേത്രത്തിൽ ഭജനമിരുന്നിരുന്നത്. സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് അഞ്ച് സ്വാമിമാർ ഒഴികെ മറ്റുള്ളവരെ വീട്ടുകാർ എത്തി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയി. ഇപ്പോൾ ഭജനമഠത്തിലുള്ള സ്വാമിമാർക്ക് മൂന്നു നേരവും മുടങ്ങാതെ ദേവസ്വം ബോർഡ് ഭക്ഷണം നൽകുന്നുണ്ട്.