കോഴഞ്ചേരി : ജില്ലാ ആശുപത്രിയിലെ നഴ്‌സിങ്‌ അസിസ്റ്റന്റ് കെ.ജി.ബിജുവിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സ്റ്റാഫ് കൗൺസിൽ പ്രതിഷേധപ്രകടനം നടത്തി. ഞായറാഴ്ച രാത്രി 10.45-ഓടെയാണ് ബിജുവിനെ ഒരു സംഘം മദ്യപർ ആക്രമിക്കുകയും മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കുകയും ചെയ്തത്.

ബിജുവിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യുംവരെ പ്രതിഷേധം നടത്തുമെന്ന് സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ. ബിനു സി.ജോൺ പറഞ്ഞു. കോവിഡ് ബാധ തുടങ്ങിയ കാലം മുതൽ മികച്ച പ്രവർത്തനം നടത്തിയ ജീവനക്കാരെ ആക്രമിച്ച സാമൂഹികവിരുദ്ധരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജുവിനെ ആക്രമിച്ചവരെ എത്രയും വേഗം നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്.പ്രതിഭ ആവശ്യപ്പെട്ടു.

സ്റ്റാഫ് സെക്രട്ടറി സുഷമ, ഡോ. ഹരികൃഷ്ണൻ, ഡോ. ജയ്‌സൺ, ഡോ. അഭിലാഷ്, ഡോ. ജിക്കു, നഴ്‌സിങ്‌ സൂപ്രണ്ട് ലതാകുമാരി, സ്റ്റാഫ് അംഗം ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.