കോഴഞ്ചേരി : കലാകായിക മത്സരങ്ങളിലും മികവ് പുലർത്തിയ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂൾ വിദ്യാർഥിനി അഭിത വി.അഭിലാഷിന് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്. തിരുപ്പതിയിൽ നടന്ന നാഷണൽ ഇന്റർ ഡിസ്ട്രിക്ട് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ജില്ലയെ ഡിസ്‌കസ് ത്രോ ജൂനിയർ ഇനത്തിൽ പ്രതിനിധീകരിച്ച അഭിത ‘മാതൃഭൂമി സീഡ്’ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിനെ തുടർന്ന് ജെം ഓഫ് സീഡ് പുരസ്‌കാരവും നേടി. തിരഞ്ഞെടുപ്പ് കമ്മിഷൻ വിദ്യാർഥികൾക്കായി നടത്തിയ കത്തെഴുത്ത് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിനൊപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മികച്ച ഇൻഡോർ കേഡറ്റിനുള്ള സമ്മാനം ലഭിച്ചു. അഭിതയ്ക്ക്്് കൈരളി വിജ്ഞാനപരീക്ഷയിൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

വേദിയിൽ വേദന കടിച്ചമർത്തിയ അഷ്ടമിക്ക്‌ പരീക്ഷയിൽ എ ഗ്രേഡിന്റെ ചിരി

കോഴഞ്ചേരി : കിടങ്ങന്നൂർ എസ്.വി.ജി.വി. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന്‌ പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ച അഷ്ടമി ആർ.നായർ സംസ്ഥാന കലോത്സവത്തിൽ നാടോടിനൃത്തത്തിന് നേടിയ എ ഗ്രേഡിനും പൊൻതിളക്കമുണ്ട്. കാസർകോട്‌ നടന്ന കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ വേദന കടിച്ചമർത്തി നാടോടിനൃത്തം പൂർത്തിയാക്കി വേദിയിൽ വീണുപോയ അഷ്ടമി കാസർകോട്‌ ജില്ലാ ആശുപത്രിയിലിരുന്നാണ് തനിക്ക് എ ഗ്രേഡ് ലഭിച്ചതറിയുന്നത്. അന്ന് പ്ലാസ്റ്ററിട്ട കാലുമായി മടങ്ങിയെത്തി ഒരു മാസം വീട്ടിൽ വിശ്രമിച്ച അഷ്ടമിക്ക് നോട്ടുകൾ എഴുതിനൽകി കൂട്ടുകാരും സ്‌പെഷ്യൽ ക്ലാസെടുത്ത് അദ്ധ്യാപകരും ഒപ്പംനിന്നപ്പോൾ പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസും നേടാനായത് സ്‌കൂളിനും അഷ്ടമിക്കും ഇരട്ടിമധുരമായി. കടമ്മനിട്ട കളപ്പുരയ്ക്കൽ രാജേഷ് എസ്.നായരുടെയും ലേഖ ടി.നായരുടെയും മകളാണ് അഷ്ടമി. എട്ടാം ക്ലാസ്‌ മുതൽ സംസ്ഥാന കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസ്, മോഹിനിയാട്ടം, കുച്ചുപ്പുഡി, നാടോടിനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളിൽ അഷ്ടമിക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.