കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിറമ്പ്-തിരുവഞ്ചാംകാവ്-പാലയ്ക്കാട്ട് ചിറ റോഡുകളുടെ വികസനത്തിന് ജില്ലാ പഞ്ചായത്ത് 20ലക്ഷം രൂപ അനുവദിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ ഏഴ്, എട്ട്, 12 വാർഡുകളിൽ ഉൾപ്പെടുന്ന റോഡുകളാണിവ. ചെട്ടിമുക്ക് തോണിപ്പുഴ റോഡിൽ തിരുവഞ്ചാംകാവ് ക്ഷേത്രംമുതൽ ചിറയിറമ്പ് ജങ്‌ഷൻവരെയും പാലയ്ക്കാട്ട് ചിറമുതൽ തിരുവഞ്ചാംകാവുവരെയുള്ള ഭാഗമാണ് റീടാറിങ്‌, ഐറീഷ് ഡ്രെയിൻ എന്നിവ നടത്തി ഗതാഗതയോഗ്യമാക്കുന്നത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. വഴിയോരവിശ്രമത്തിനും മാനസികോല്ലാസത്തിനുമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ നാലുമണിക്കാറ്റ് പദ്ധതി പ്രദേശത്തേക്കുള്ള പ്രധാന പാതയാണിത്. തോട്ടപ്പുഴശ്ശേരിയുടെ മുഖ്യനെല്ലറയായ നെടുംപ്രയാർ പുഞ്ചയിലാണ് പാലയ്ക്കാട്ട് ചിറ. കർഷകർ കൃഷിക്കാവശ്യമായ യന്ത്രസാമഗ്രികളും മറ്റും എത്തിക്കുന്നതും ഇതുവഴിയാണ്. ടെൻഡർ നടപടികൾ പൂർത്തിയായതായും നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു.