കോഴഞ്ചേരി : കിഫ്ബി പദ്ധതിയിൽപ്പെടുത്തി നവീന രീതിയിലുള്ള റോഡുനിർമാണം പൂർത്തിയായപ്പോഴും നാരങ്ങാനം-ആലുങ്കൽ ജങ്‌ഷനിലെ വെള്ളക്കെട്ടിന് പരിഹാരമില്ല.

23കോടി ചെലവഴിച്ച് അത്യാധുനിക ടാറിങ്‌ പൂർത്തീകരിച്ച കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിലെ ആലുങ്കൽ ജങ്‌ഷനിലാണ് മാറാത്ത വെള്ളക്കെട്ട്. ഇവിടെയുണ്ടായിരുന്ന കലുങ്ക് പുനർനിർമിച്ചിട്ടില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. മുകളിൽനിന്ന്‌ തോട് വന്നുചേരുന്നതും ഈ ജങ്‌ഷനിലാണ്. ഇവിടെ കാനയും നിർമിച്ചിട്ടില്ല.

മാവേലി സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് കടന്നുചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്. ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ മലിനജലം കടകളിലേക്കും സമീപത്ത് നിൽക്കുന്നവരുടെ ദേഹത്തേക്കും തെറിക്കുന്നത് പതിവാകുന്നു.

അടിയന്തരമായി ഇവിടെ കാനയും കലുങ്കും നിർമിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ, ഇവിടെ ഓട നിർമിക്കുന്നതിന് വ്യാപാരികൾ സമ്മതിക്കാത്തതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. മഴക്കാലം കഴിഞ്ഞാൽ ഈ അപാകം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.