കോഴഞ്ചേരി : ഒരാഴ്ചയിലേറെയായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ദമ്പതിമാർക്ക് 1,000 ലിറ്റർ കുടിവെള്ളം എത്തിച്ചുനൽകി സാമൂഹിക പ്രവർത്തകയും അഗ്നിരക്ഷാസേന സിവിൽ ഡിഫൻസ് വൊളന്റിയറുമായ മഞ്ജുവിനോദ് ഇലന്തൂർ. ദിവസങ്ങളായി കുടിവെള്ളത്തിനും പാചകാവശ്യങ്ങൾക്കും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിലെ വിദ്യാർഥിയായ കൊച്ചുമകനാണ് മഞ്ജുവിന്റെ വീട്ടിലെത്തി സഹായം അഭ്യർഥിച്ചത്. ഇതേത്തുടർന്ന് മഞ്ജു അഗ്നിരക്ഷാസേന ഓഫീസർ വിനോദ് കുമാറിനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പ്രവാസി സുഹൃത്തിന്റെ സഹായത്തോടെ കുടിവെള്ളം എത്തിച്ചുനൽകി. നിത്യവൃത്തിക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന നാരങ്ങാനത്തെ ഈ കുടുംബത്തിന് പലവ്യഞ്ജനകിറ്റും, പച്ചക്കറികിറ്റും നൽകി. അമ്മ മരിച്ച പ്ലസ്ടു വിദ്യാർഥിയുടെ ഒരുവർഷത്തെ പഠനച്ചെലവും ഇലന്തൂർ സ്നേഹക്കൂട്ടം ഏറ്റെടുത്തു.