കോഴഞ്ചേരി : ഹോട് സ്പോട്ടായി പ്രഖ്യാപിച്ച മല്ലപ്പുഴശേരിയിൽ പഞ്ചായത്ത് ഒാഫീസ് തുണ്ടഴത്തെ കൃഷി ഭവനിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലെ അഞ്ചാം വാർഡുകാരിയായ സി.ഡി.എസ്. അധ്യക്ഷയ്ക്ക് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതോടെയാണ് സംഭവം ഗൗരവമായത്.

കഴിഞ്ഞ 14-നാണ് ആശാപ്രവർത്തകയായ സി.ഡി.എസ്. അധ്യക്ഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ റാന്നി മേനാംതോട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർകൂടി പങ്കെടുത്ത ആശാ പ്രവർത്തകർക്കുള്ള കിറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്ത ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ, മൂന്ന് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ഹോം ക്വാറന്റീനിലായി. ഇവർ പഞ്ചായത്ത് ഓഫീസിൽ എത്തിയെന്ന വിവരത്തിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, വി.ഇ.ഒ., ക്ലാർക്കുമാർ, 13-പഞ്ചായത്തംഗങ്ങളിൽ ഒമ്പത് പേർ എന്നിവർ ഹോം ക്വാറന്റീനിലായി. മല്ലപ്പുഴശേരി പഞ്ചായത്ത് ഓഫീസ് അടയ്ക്കണം എന്ന് അംഗം ബെന്നി കുഴിക്കാല ഡി.ഡി.പി. യോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അഗ്നിരക്ഷാസേനയെക്കൊണ്ട് അണുനശീകരണം നടത്തി പ്രവർത്തനം തുടർന്നു. ആശാ പ്രവർത്തകയുടെ സമ്പർക്കപ്പട്ടിക പരിശോധിച്ച ജില്ലാ ഭരണകൂടം പഞ്ചായത്ത് ഓഫീസ് അടയ്ക്കാൻ നിർദേശിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനം തിങ്കളാഴ്ച മുതൽ തുണ്ടഴത്തെ കൃഷിഭവൻ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.

പഞ്ചായത്തിലെ 25-ലധികം പേർ സ്രവ പരിശോധനയ്ക്ക് വിധേയരായി.

തോട്ടപ്പുഴശേരി, കോഴഞ്ചേരി, മല്ലപ്പുഴശേരി, അയിരൂർ പഞ്ചായത്തുകളിൽ ഹോം ക്വാറന്റീനുകളുള്ള വീടുകളിൽ നിരീക്ഷണത്തിലാണെന്ന് സ്റ്റിക്കർ പതിക്കാത്തത് വൈദ്യുത ബിൽ റീഡിങ്ങിന് എത്തുന്നവർ, കേബിൾ കണക്ഷന്റെ പണം വാങ്ങാനെത്തുന്നവർ, റംബൂട്ടാൻ, മാംഗുസ്തി ഫലങ്ങൾ വാങ്ങാനെത്തുന്നവർ എന്നിവർക്ക് ഇത് തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതിയുണ്ട്.