കോഴഞ്ചേരി: പഞ്ചായത്ത് പരിധിയിലുള്ള നിലമേൽ പാടശേഖരത്തിൽ വഞ്ചിത്ര ലിഫ്റ്റ് ഇറിഗേഷൻ തകരാറിലായതിനെ തുടർന്ന് ജലസേചനം മുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി. കഴിഞ്ഞ പ്രളയത്തിൽ പമ്പ് ഹൗസും, പമ്പും ഉൾപ്പെടെ വെള്ളം കയറി നശിച്ചിരുന്നു. അടിയന്തര നടപടി കൈക്കൊണ്ട് ജലസേചനം പുനരാരംഭിക്കാൻ പദ്ധതി തയ്യാറാക്കി സമർപ്പിച്ചെങ്കിലും പമ്പിങ് പുനരാരംഭിച്ചില്ല. ഇതെ തുടർന്ന് കഴിഞ്ഞവർഷം രണ്ടാംവർഷ തരിശുനിലകൃഷിക്ക് ഇറങ്ങിയ കർഷകർക്ക് യഥാസമയം വെള്ളം ലഭ്യമാക്കാത്തതിനാൽ നെൽകൃഷി പൂർണമായും കരിഞ്ഞുണങ്ങി നശിച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ലിഫ്റ്റ് ഇറിഗേഷനെമാത്രം പ്രതീക്ഷിച്ച് കൃഷിയിറക്കുന്ന കർഷകർക്ക് നാളിതുവരെയായി പമ്പിങ് പുനരാരംഭിച്ച് നൽകുവാൻ മൈനർ ഇറിഗേഷനായിട്ടില്ല. ഈ വർഷവും കനാൽ നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ നടക്കുന്നുവെങ്കിലും പമ്പയാറിന് കുറുകെയുള്ള പൈപ്പുകൾ മാറ്റി തകരാറ് പരിഹരിക്കാതെ പമ്പിങ് സാധ്യമാകില്ല എന്ന നിലപാടിലാണ് ഇറിഗേഷൻ വകുപ്പ്. പന്നിവേലിച്ചിറയിൽനിന്ന്്് വെള്ളം പുഞ്ചയിലെത്തിക്കുവാൻ പകരം സംവിധാനം ഒരുക്കാമെന്ന് പാടശേഖരം സന്ദർശിച്ച മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. പമ്പിങ് അടിയന്തരമായി പുനരാരംഭിക്കാൻ വേണ്ട നടപടി ഉടൻ വേണമെന്ന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ എന്നിവർ ആവശ്യപ്പെട്ടു.