കോഴഞ്ചേരി: സ്‌കൂളുകളും കോളേജുകളും ലക്ഷ്യംവെച്ച് ലഹരി മാഫിയ പിടിമുറുക്കുന്നതിന്റെ ആശങ്കയിലാണ് കോഴഞ്ചേരി. ആറന്മുളയിൽ ശനിയാഴ്ച നടന്ന കഞ്ചാവ് വേട്ട ഇത് ശരിവെയ്ക്കുന്നതായി.

മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി തൃശ്ശൂർ സ്വദേശി കെ.എസ്.അഖിലിനെ(21) 13-ന് പകൽ പത്തനംതിട്ട എക്‌സൈസ് പ്രത്യേക സംഘം കോഴഞ്ചേരി ബസ്‌സ്റ്റാൻഡിൽനിന്ന് പടികൂടിയിരുന്നു. അമിത വിലയുള്ള രണ്ട് ഗ്രാം മയക്ക് മരുന്നുമായാണ് അഖിലിനെ പിടികൂടിയത്. അര ഗ്രാം കൈവശം സൂക്ഷിക്കുന്നതുപോലും ജാമ്യമില്ലാ കുറ്റമാണ്. സ്‌കൂൾ പരിസരങ്ങളിലെ ഇടവഴികൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നത്. കോഴഞ്ചേരി പൊയ്യാനിൽ ജങ്‌ഷനിൽനിന്ന് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് പോകുന്ന വഴി, പഴയ തെരുവ്, വ്യവസായ കേന്ദ്രം റോഡ് തുടങ്ങിയ സ്ഥലങ്ങളാണ് മാഫിയാ സംഘം തിരഞ്ഞെടുത്തിരിക്കുന്നത്.

കോഴഞ്ചേരി കുരങ്ങ്മല ഭാഗം, പന്നിവേലിച്ചിറ എന്നിവിടങ്ങളും ലഹരി വിപണന കേന്ദ്രങ്ങളുണ്ട്. ആറന്മുള അയ്യൻകോയിക്കൽപടിയും വിമാനത്താവള പദ്ധതി പ്രദേശവും കഞ്ചാവ് കൈമാറ്റ സ്ഥലങ്ങളാണ്. രഹസ്യ കോഡ് ഉപയോഗിച്ചാണ് ഇവർ കച്ചവടം നടത്തുന്നത്. സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ പുകയില ഉത്‌പന്നങ്ങൾ വിൽക്കുന്നത് തടഞ്ഞെങ്കിലും സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മരുന്ന് വ്യാപാരം തടയാൻ ഇപ്പോഴും ഫലപ്രദ മാർഗങ്ങളില്ല. ലഹരിക്ക് വഴിപ്പെടുന്ന വിദ്യാർഥികൾ കോഴഞ്ചേരി പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് പരിസരത്ത് സംഘർഷം ഉണ്ടാക്കുന്നതും പതിവ് സംഭവമാണ്.