കോഴഞ്ചേരി: ആകെയുള്ള വീട് പ്രളയത്തിൽ തകർന്ന വീട്ടമ്മ ഇനിയൊരു കൂര പണിയാൻ ത്രാണിയില്ലാതെ വിഷമിക്കുന്നു. കോയിപ്രം പൂവത്തൂർ നേന്ത്രപള്ളിൽ എ.ടി.ലീലാമണിക്കാണ്‌(63) ഈ ദുരവസ്ഥ. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ രണ്ട് പെൺമക്കളും മകനും അടങ്ങുന്ന കുടുംബം പോറ്റാൻ ഈ പാവം വീട്ടമ്മ സഹിക്കാത്ത യാതനകളില്ല.

പതിനഞ്ച് വർഷം മുമ്പ് ആറ് സെന്റ് ഭൂമി വിറ്റിട്ടാണ് ശേഷിച്ച ഭൂമിയിൽ ലീലാമണി വീട് നിർമ്മിച്ചത്. ഒറ്റക്കട്ട ഉപയോഗിച്ച് പണിത വീടിന് ആകെ രണ്ടുമുറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികളെ വിവാഹം കഴിച്ചയച്ചതിനാൽ പിന്നീട് ലീലാമണിയും മകനും ഒറ്റയ്ക്കായി. കുടുംബത്തിന്റെ സർവ പ്രതീക്ഷയും മകനിലായിരുന്നു. എന്നാൽ ഏതാനും വർഷം മുമ്പ് വാഹനാപകടത്തിൽ മകന് ഗുരുതരമായി പരിക്കേറ്റു. ജോലിയൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് അയാൾ.

ഓഗസ്റ്റ് 15-ന് വൈകുന്നേരത്തോടെ വീടിനുള്ളിൽ വെള്ളം കയറിയതോടെ ലീലാമണി സമീപത്തുള്ള വീട്ടിലേക്ക് താമസം മാറി. അടുത്ത ദിവസം വീടിന്റെ മുൻഭാഗം വെള്ളത്തിൽ ഇടിഞ്ഞുവീണു. പ്രളയം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീടിനുള്ളിൽ ഒന്നും ശേഷിക്കുന്നില്ല. വീട്ടുപകരണങ്ങളും പാത്രങ്ങളും നദിയെടുത്തു.

മകളുടെ വിവാഹത്തിന്റെ കടം വീട്ടാനായി ഒരു സ്വകാര്യ സ്ഥാപനത്തിൽനിന്ന്‌ ഏതാനും വർഷം മുമ്പ് ഇവർ ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ അത്‌ പിന്നീട് കടക്കെണിയായി മാറി. പലിശയും കൂട്ടുപലിശയും അടച്ചുതീർന്നിട്ടും മുതൽ ബാക്കിയായി. പിന്നീടാണ് ബാങ്ക് അധികൃതർ തന്നെ വഞ്ചിക്കുകയാണെന്ന് മനസ്സിലായത്. അയൽവാസിയായ കടയ്ക്കൽ സുരേഷ്‌കുമാറിന്റെ ഇടപെടൽകൊണ്ട്‌ മാത്രമാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ വീടിന്റെ ആധാരം ഇനിയും മടക്കിനൽകാൻ ബാങ്ക് ഉടമ തയ്യാറായിട്ടില്ല. വീട് നഷ്ടപ്പെട്ടതോടെ കടയ്ക്കൽ വിജയകുമാറിന്റെ വീട്ടിലാണ് ഇവരുടെ താമസം. സുമനസുകളുടെ സഹായം തേടുകയാണ് ലീലാമണി.