കോഴഞ്ചേരി: മഹാപ്രളയം തകർത്ത വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ 16 കുടുംബങ്ങൾ ഇപ്പോഴും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കഴിയുന്നു. ചെറുകോൽ വള്ളപ്പുര ഭാഗത്തുള്ളവരാണ് വീട്ടിലേക്കുമടങ്ങാൻ കഴിയാതെ നിൽക്കുന്നത്.

14-ന് രാത്രി ചെറുകോൽ പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ വെള്ളംകയറി. വള്ളപ്പുര ഭാഗത്തെ അഞ്ച് സെന്റിൽ താഴെ മാത്രം സ്ഥലമുള്ളവർക്കാണ് വീട്ടിലെ താമസം അസാധ്യമാക്കിയിരിക്കുന്നത്. മേൽക്കൂര തകർന്നത് നന്നാക്കി നൽകുമെന്ന് സർക്കാർ പറയുന്നുണ്ടങ്കിലും ഇത് പ്രായോഗികമല്ല. ഈ വീടുകളുടെയെല്ലാം ഭിത്തിയും തറയും തകർന്നിരിക്കുകയാണ്. ഭിത്തിയിലെ വിള്ളൽ അടിത്തറയെ വരെ ബാധിച്ചിട്ടുണ്ട്. നദീ സംരക്ഷണ നിയമവും പഞ്ചായത്തിന്റെ കെട്ടിട നിർമാണവും പാലിച്ച് ഇവർക്ക് വീട് പുനർ നിർമാണം സാധ്യമാകില്ലെന്ന് പഞ്ചായത്തംഗം പ്രദീപ് ചെറുകോൽ പറഞ്ഞു.

തേവർകടവ് ഭാഗം, മാളിയേക്കൽ ഭാഗം, ചിറ്റയിൽ ഭാഗം, നെടുമൺ ഭാഗം എന്നിവിടങ്ങളിലാണ് വീടുകൾ പൂർണമായി തകർന്നത്. നെടുമൺ മട്ടക്ക് ശാന്തമ്മ, തങ്കമണിയമ്മ, മാളിയേക്കൽ മുരളീധരൻ നായർ, അനിൽകുമാർ, ഉത്തമൻ നായർ, കൃഷ്ണവിലാസത്തിൽ അജീഷ് കുമാർ, നെടുമണ്ണിൽ കമലാക്ഷിയമ്മ, ചിറ്റയിൽ പഞ്ചവടിയിൽ പദ്മകുമാരി, ചിറ്റയിൽ ബിജുഭവനിൽ ശാന്തകുമാരിയമ്മ, മട്ടക്ക് തുണ്ടിയിൽ എം.എൻ.ഗോപാലകൃഷ്ണൻ, ഏറാട്ട് താഴെ പ്രീതി ലിജു, തേക്കുംകാട്ടിൽ തങ്കമണിയമ്മ, ചെക്കാട്ട് രവീന്ദ്ര ഭക്തൻ, പാറവിളയിൽ രവികുമാർ, നന്ദനത്തിൽ പ്രകാശ്, പുറത്താംമണ്ണിൽ സോമശേഖരൻ നായർ, മുരളീധരൻ നായർ എന്നിവരുടെ വീടുകളിലാണ് പുനരധിവാസം സാധ്യമാകാത്തത്.

കൃഷ്ണവിലാസത്തിൽ അജീഷിന്റെ അമ്മ സരസമ്മ കാൻസർ രോഗത്തിന് ആർ.സി.സി.യിൽ ചികിത്സയിലാണ്. സരസമ്മ തടിയൂരിലെ സഹോദരന്റെ വീട്ടിലും അജീഷും കുടുംബവും ഭാര്യയുടെ ബന്ധുവീട്ടിലുമാണ് താമസം. പുറത്താം മണ്ണിൽ സോമശേഖരൻ നായരും സഹോദരൻ മുരളീധരൻ നായരും ഒരു വീട്ടിലായിരുന്നു താമസം. മുരളീധരൻ നായർ കാൻസർ രോഗത്തിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പടപ്പനാഞ്ഞലി മാളിയേക്കൽ ഭാഗം തോടിനും തേവർകടവ് തോടിനും സമീപത്ത് താമസിക്കുന്ന എട്ടോളം കുടുംബങ്ങൾക്ക് തോട് ഇടിഞ്ഞുമാറിയതിന്റെ ഭീഷണിയും നിലനിൽക്കുന്നു. പുതിയ വീട് പൂർണമായി നിർമിക്കുന്നതിനുള്ള സഹായവും നിയമത്തിൽ അയവു വരുത്തുകയും ചെയ്താലേ ഈ കുടുംബങ്ങൾക്ക് പുനരധിവാസം സാധ്യമാകൂ.