കോന്നി: സമതലങ്ങളും മലമ്പ്രദേശങ്ങളും വനമേഖലയുമടങ്ങിയ കോന്നി നിയോജകമണ്ഡലം വിസ്‌തൃതിയിൽ ജില്ലയിൽ ഒന്നാമതാണ്. തോട്ടം മേഖലയിലെ തൊഴിലാളികളും കർഷകരും പ്രവാസികളും ഇടത്തരക്കാരുമാണ് വോട്ടർമാരിൽ കൂടുതലും. തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള മണ്ഡലം കൂടിയായ കോന്നി, ഐക്യമുന്നണിയെയും ഇടതുമുന്നണിയെയും ഒരേപോലെ വരിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ 23 വർഷമായി യു.ഡി.എഫിലെ അടൂർ പ്രകാശാണ് നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സ്ഥാനാർത്ഥികളെ മാറ്റി പലകുറി മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്. ശ്രമിച്ചെങ്കിലും വിജയം പ്രകാശിനൊപ്പമായിരുന്നു. ശക്തമായ സംഘടനാസംവിധാനം ഉണ്ടായിട്ടും കോന്നി നിയോജമണ്ഡലത്തിലെ തുടർച്ചയായ പരാജയം സി.പി.എം. ജില്ലാ സമ്മേളനങ്ങളിൽ പലതവണ ചർച്ചയായതാണ്. 11 പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കോന്നി, അരുവാപ്പുലം, കലഞ്ഞൂർ, ഏനാദിമംഗലം, വള്ളിക്കോട്, പ്രമാടം, മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് എന്നിവയാണ് മണ്ഡലത്തിൽപ്പെട്ട പഞ്ചായത്തുകൾ. തമിഴ്‌നാട് അതിർത്തി വരെ മണ്ഡലം നീളുന്നുണ്ട്.
മണ്ഡലചരിത്രം
1965-ലാണ് കോന്നി നിയോജകമണ്ഡലം നിലവിൽ വന്നത്. ആദ്യ പ്രതിനിധി കോൺഗ്രസിലെ പി.ജെ.തോമസായിരുന്നു. 1967-ലും പിന്നീട് 77-ലും പി.ജെ.തോമസ് വിജയം ആവർത്തിച്ചു. 1980-ൽ സി.പി.എമ്മിലെ വി.എസ്.ചന്ദ്രശേഖരൻ പിള്ളയിലൂടെ എൽ.ഡി.എഫ്. മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചു. 1982-ലും എൽ.ഡി.എഫ്. വിജയം ആവർത്തിച്ചു. 1987-ലെ തിരഞ്ഞെടുപ്പിൽ വി.എസ്.ചന്ദ്രശേഖരൻ പിള്ളയെ തോൽപ്പിച്ച് എൻ.ഡി.പി.യിലെ ചിറ്റൂർ ശശാങ്കൻ നായർ കോന്നി എം.എൽ.എ.യായി. 1991-ൽ യു.ഡി.എഫിലെ ചിറ്റൂർ സി.പി.രാമചന്ദ്രൻ നായരെ തോൽപ്പിച്ച് എ.പദ്മകുമാർ കോന്നിയെ ഇടതുപാളയത്തിലെത്തിച്ചു. 1996-ലെ തിരഞ്ഞെടുപ്പിൽ കോന്നിയിലെ സിറ്റിങ് എം.എൽ.എ.യായിരുന്ന എ.പദ്മകുമാറിനെ 806 വോട്ടിന് തോൽപ്പിച്ച് അടൂർ പ്രകാശ് കോന്നിയെ യു.ഡി.എഫ്. പാളയത്തിലേക്ക് തിരിച്ചെത്തിച്ചു. 2009 വരെയും അടൂർ ലോക്‌സഭാ മണ്ഡലത്തിെന്റ ഭാഗമായിരുന്നു കോന്നി നിയോജകമണ്ഡലം. പത്തനംതിട്ട പാർലമെന്റ് മണ്ഡലം രൂപവത്കരിച്ചതിന് ശേഷം നടന്ന രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്ന മണ്ഡലത്തിൽ ലീഡ്. കഴിഞ്ഞ രണ്ടുതവണയും കോന്നിയുടെ ചുമതല യു.ഡി.എഫ്. ഏൽപ്പിച്ചിരുന്നത് സ്ഥലം എം.എൽ.എ. കൂടിയായ അടൂർ പ്രകാശിനെയാണ്. ഇത്തവണ പ്രകാശും ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രകാശിന്റെ അഭാവത്തിൽ കോന്നിയിൽ മേൽക്കൈ നേടാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. യു.ഡി.എഫ്. ക്യാമ്പാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ നിലനിർത്താനുള്ള ശ്രമത്തിലും.
കാർഷികവിഷയങ്ങൾ ചർച്ചയാകും
റബർ കർഷകർ കൂടുതലുള്ള കോന്നിയിൽ റബറിന്റ വിലത്തകർച്ച പ്രധാന ചർച്ചാവിഷയമാണ്. ജില്ലയിലെതന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ഗവി, കോന്നി ആനത്താവളം, അടവി കുട്ടവഞ്ചിസവാരി എന്നിവ ഈ മണ്ഡലത്തിലാണ്. സ്വാഭാവികമായും വിനോദസഞ്ചാരമേഖലയിലെ പ്രശ്നങ്ങളും ചർച്ചയാകും. ഇതിനുപുറമെ തോട്ടം മേഖലയിലെ പട്ടയപ്രശ്നങ്ങൾ, കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ എന്നിവയും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
എം.പി.യെന്ന നിലയിൽ 10 വർഷത്തെ പ്രവർത്തനനേട്ടങ്ങളാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി ആന്റോ ആന്റണി പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്നത്. എന്നാൽ മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ പ്രധാന ചർച്ചാവിഷയമാക്കി മേൽക്കൈ നേടാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. വിശ്വാസി സമൂഹത്തിന്റെ പിന്തുണ ആർജിച്ച് മണ്ഡലത്തിൽ ചരിത്രം തിരുത്താൻ കഴിയുമെന്ന് ബി.ജെ.പി.യും എൻ.ഡി.എ. ക്യാമ്പും പ്രതീക്ഷിക്കുന്നു.
2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം
ആന്റോ ആന്റണി (യു.ഡി.എഫ്.)- 53480
പീലിപ്പോസ് തോമസ് (എൽ.ഡി.എഫ്.) സ്വതന്ത്രൻ- 45384
എം.ടി.രമേശ് (എൻ.ഡി.എ.)- 18222
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ്
അടൂർ പ്രകാശ് (യു.ഡി.എഫ്.)- 72800
ആർ.സനൽകുമാർ (എൽ.ഡി.എഫ്.)- 52052
ഡി.അശോക് കുമാർ (എൻ.ഡി.എ.)- 16713