കൊടുമൺ: കേരളത്തെ തരിശുഭൂമി രഹിതമാക്കുവാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കൊടുമൺ റൈസിന്റെ വിപണനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ തനതായ നെൽവിത്തിനങ്ങൾ തിരികെ കൊണ്ടുവരും. പ്രാദേശിക ബ്രാൻഡുകളായി അരി വിപണിയിലെത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. കേരളത്തിലാകെ 47 പ്രാദേശിക ബ്രാൻഡ് അരികൾ പ്രചാരത്തിലുണ്ട്. കേരളത്തിലെ നെല്ലിന്റെ രുചി മറന്നുപോയ മലയാളിക്ക് പുതിയരുചി പരിചയപ്പെടുത്തുന്നതാണ് ഇത്തരം സംരംഭങ്ങൾ. അറുനൂറിൽപ്പരം വ്യത്യസ്തതയാർന്ന നെല്ലിനങ്ങൾ കേരളത്തിലുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

അതിൽ 42 ഇനങ്ങൾ മാത്രമാണിപ്പോഴുള്ളത്. വൈവിധ്യമാർന്ന നെല്ലിനങ്ങൾ കൃഷിചെയ്യും. നെൽക്കൃഷി മറ്റേതൊരു കൃഷിയേക്കാൾ ലാഭകരമായിട്ടാണിന്ന് കർഷകർ കാണുന്നത്. നെൽക്കൃഷിക്കാർക്ക് സർക്കാർ നൽകുന്ന സംരക്ഷണമാണ് നെൽക്കൃഷി തിരിച്ചുവരാൻ ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കൊടുമണ്ണിൽ വിളവെടുത്ത നെല്ല് സംഭരിച്ച് കുത്തി കൊടുമൺ റൈസ് എന്ന പേരിൽ വിപണിയിലിറക്കുന്നത്.