കൊടുമൺ: ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ചെമ്പെടുപ്പ് റാസയിൽ പങ്കെടുത്ത് പതിനായിരങ്ങൾ. ബുധനാഴ്ച രാവിലെ ആറിന് ചെമ്പിൽ അരിയിടീൽ കർമം നടന്നു. തുടർന്ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന നടന്നു. തുടർന്ന് നടന്ന തീർത്ഥാടകസംഗമം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.

തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പൊലീത്ത അധ്യക്ഷനായി. സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ ഫാ. ടി.കെ.ജോഷ്വായ്ക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമ്മാനിച്ചു. ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. എം.ഒ.ജോൺ, ഇടവക വികാരി ഫാ.വർഗീസ് കളിക്കൽ, എം.എൽ.എ.മാരായ വീണാ ജോർജ്, ചിറ്റയം ഗോപകുമാർ, സഭാ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞ മുത്തുക്കുടകൾ, വാദ്യമേളം എന്നിവയുടെ അകമ്പടിയിൽ ചെമ്പെടുപ്പ് റാസ നടന്നു. പാലം ജങ്ഷനിലെ ചെമ്പിൻ മൂട്ടിൽ റാസ എത്തിയപ്പോൾ അവിടെ പ്രത്യേകം തയ്യാറാക്കിയ രണ്ട് ചെമ്പുകളിലെ പാതിവേവിച്ച ചോറിൽ മുഖ്യകാർമികൻ സ്ലീബാ മുദ്രചാർത്തി ആശീർവദിച്ചു. തുടർന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശ്വാസികൾ ചെമ്പ് ഉയർത്തി കുതിരപ്പുരയിലേക്ക് എഴുന്നെള്ളിച്ചു. കുരിശൂമൂട്ടിൽ മൂന്നുതവണ പ്രദക്ഷിണം നടത്തിയശേഷം ഇരുചെമ്പുകളും കുതിരപ്പുരയിൽ ഇറക്കിവെച്ചു. പിന്നീട് നടന്ന നേർച്ചവിളമ്പിലും നിരവധിപേർ പങ്കെടുത്തു.